Wed. Jan 22nd, 2025
റാന്നി:

മാലിന്യ ശേഖരിച്ചും തോടുകളും ജലാശയങ്ങളും ശുചീകരിച്ചും ബോധവൽക്കരിച്ചും അങ്ങാടിയെ സൗന്ദര്യവൽക്കരിക്കാൻ അങ്ങാടി പഞ്ചായത്ത്. മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാൻ വിപുലമായ പദ്ധതികളാണ് അഡ്വ ബിന്ദു റെജി വളയനാട്ടിന്റെ നേതൃത്വത്തതിലുള്ള ഭരണ സമിതിനടപ്പാക്കുന്നത്.

കടകളിലെ അജൈവ മാലിന്യം ആഴ്ചയിൽ രണ്ടുദിവസം വീതം ശേഖരിക്കും. ഹോട്ടലുകളും മത്സ്യ-മാംസ വില്പനകേന്ദ്രങ്ങൾ നടത്തുന്നവരും ജൈവമാലിന്യം സംസ്‌കരിക്കുന്നതിനുള്ള സൗകര്യം സ്വന്തമായി ക്രമീകരിക്കണം. അല്ലാത്തവരുടെ ലൈസൻസ് റദ്ദാക്കി സ്ഥാപനം അടച്ചുപൂട്ടും.

ഇതിനുമുന്നോടിയായി ഹോട്ടൽ, മത്സ്യ-മാംസം വിൽക്കുന്ന കടയുടമകളുടെയും മറ്റു കച്ചവടസ്ഥാപന ഉടമകളുടെയും യോഗം വിളിച്ചുകൂട്ടും. വീടുകളിൽനിന്നുള്ള അജൈവ മാലിന്യങ്ങൾ മാസംതോറും ശേഖരിക്കും. ഇവ മിനി എംസിഎഫുകളിലും അവിടെനിന്ന് പഞ്ചായത്ത് പേട്ട ചന്തയിൽ ക്രമീകരിച്ചിരിക്കുന്ന എംസിഎഫിലുമെത്തിക്കും.

ഇവിടെ ഇവ തരംതിരിച്ച് ക്‌ളീൻ കേരള കമ്പനിക്ക് കൈമാറും. കടകൾ, വീടുകൾ എന്നിവിടങ്ങളിൽനിന്ന് അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ഹരിതകർമ സേന വിപുലീകരിക്കും. വീടുകളിൽനിന്ന് പ്രത്യേക കവറുകളിലാക്കി മാലിന്യം നൽകുന്നതോടൊപ്പം ഹരിതകർമ സേനാംഗങ്ങൾക്ക് സർക്കാർ നിശ്ചയിച്ച 50 രൂപ വീതവും നൽകണം. വീഴ്ചവരുത്തുന്ന വീട്ടുകാർക്കെതിരേ നിയമനടപടിയുണ്ടാകും.