Thu. Apr 25th, 2024
ഇടുക്കി:

മോഷ്ടിച്ച വാഴക്കുലകളിൽ മഞ്ഞ പെയിന്റടിച്ച് പഴുത്ത കുലയെന്ന് പറഞ്ഞ് വിറ്റ് പണം തട്ടിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പഴയകൊച്ചറയില്‍ ആണ് കൃഷിയിടത്തില്‍ നിന്നും വാഴകുലകള്‍ മോഷണം പോയത്. കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടിൽ ഏബ്രഹാം വർഗീസ് (49), നമ്മനശേരി റെജി (50) എന്നിവരാണ് കമ്പംമെട്ട് പൊലീസിന്‍റെ(police) പിടിയിലായത്.

ഒരു ലക്ഷത്തോളം രൂപയുടെ വാഴകുലകളാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. പല ദിവസങ്ങളിയി കൃഷിയടത്തില്‍ നിന്നും വാഴ കുലകള്‍ മോഷ്ടിച്ച് കടത്തുകയായിരുന്നു. പഴയകൊച്ചറ സ്വദേശി വാണിയപ്പുരയ്ക്കല്‍ പാപ്പുവിന്റെ കൃഷിയിടത്തിലാണ് മോഷണം നടന്നത്.

സമ്മിശ്ര കൃഷി നടത്തുന്ന ഭൂമിയില്‍ ഇടവിളയായി, വിവിധ ഇനങ്ങളില്‍ പെട്ട 2000 ഓളം വാഴകളാണ് പരിപാലിച്ചിരുന്നത്. ഏത്തന്‍, ഞാലിപൂവന്‍, പാളയംതോടന്‍, റോബസ്റ്റ തുടങ്ങിയ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. പല ദിവസങ്ങളിലായി ഇരുനൂറോളം വാഴക്കുലകളാണ് മോഷ്ടാക്കള്‍ കടത്തിയത്.

ഓരോ ദിവസവും 30 കുലകള്‍ വരെ നഷ്ടപെട്ടിരുന്നു. പച്ച വാഴ കുല വെട്ടി മഞ്ഞ ചായം പൂശി വ്യാപാരികളെയും പ്രതികള്‍ കബളിപ്പിച്ചു. ചായം പൂശിയ വാഴക്കുലകള്‍, കൊച്ചറയിലെ ഒരു പച്ചക്കറി കടയില്‍ പഴുത്ത പഴമെന്ന് പറഞ്ഞ് വില്പന നടത്തി.

വ്യാപാരി വിവരമറിയിച്ചതോടെയാണ് മോഷ്ടാക്കളെക്കുറിച്ച് പൊലീസിന് പ്രതികളപ്പറ്റി വിവരം ലഭിച്ചത്. കമ്പംമെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രതികളെ പിടികൂടാന്‍ നടപടി സ്വീകരിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.