ആലപ്പുഴ:
നെഹ്‌റുട്രോഫി വള്ളംകളി ഈ വർഷം നടത്തുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അതിനാണ് സർക്കാരും വിനോദ സഞ്ചാര വകുപ്പും ശ്രമിക്കുന്നത്. കോവിഡ് ഉന്നത സമിതിയുമായി ഇക്കാര്യം ചർച്ച ചെയ്‌ത് മുന്നോട്ടു പോകും.
മുഖ്യമന്ത്രിയെയും ഇക്കാര്യമറിയിച്ചിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടാവുമെന്നാണ് കരുതുന്നത്. കലക്ടറേറ്റിൽ ചേർന്ന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
വള്ളംകളി നടത്തുന്നതിനായി എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, കലക്‌ടർ എ അലക്‌സാണ്ടർ, ടൂറിസം അഡിഷണൽ ചീഫ് സെക്രട്ടറി, ടൂറിസം ഡയറക്‌ടർ എന്നിവരുമായി തിരുവനന്തപുരത്ത് യോഗം ചേർന്നിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും നടത്തുക.
കാണികളുടെ എണ്ണം നിശ്‌ചയിക്കണം. എങ്ങനെ നടത്താമെന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആലോചിക്കണം. വിനോദസഞ്ചാര മേഖലയ്ക്കും ജില്ലയ്ക്ക് പൊതുവിലും വള്ളംകളി നടത്തുന്നത് ഉണർവേകുമെന്നും മന്ത്രി പറഞ്ഞു.