അടിമാലി:
പനംകുട്ടി കൈത്തറി നെയ്ത്തു സഹകരണസംഘം നിലനിൽപിനായി പൊരുതുന്നു. 4 പതിറ്റാണ്ടു മുൻപാണു കൊന്നത്തടി പഞ്ചായത്തിലെ പനംകുട്ടിയിൽ സംഘം പ്രവർത്തനം ആരംഭിച്ചത്. സർക്കാർ നിർദേശ പ്രകാരം 4 വർഷമായി സൗജന്യ സ്കൂൾ യൂണിഫോം തുണികൾ മാത്രമാണ് ഇവിടെ നെയ്തു വന്നിരുന്നത്. ഒരു മീറ്റർ യൂണിഫോം തുണി നെയ്തുനൽകുന്നതിന് 36 രൂപ മാർജിൻ മണിയായി സംഘത്തിനു ലഭിച്ചിരുന്നു.
എന്നാൽ 2019ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവു പ്രകാരം നെയ്ത്തു തൊഴിലാളികൾക്കു കൂലി കൂട്ടി. സംഘത്തിനു ലഭിച്ചിരുന്ന വിഹിതം 36ൽ നിന്ന് 4.50 രൂപയായി വെട്ടിക്കുറച്ചു. ഇതോടെയാണു സംഘം പ്രതിസന്ധിയിലായത്.
ഒരു മാസം 1,000 മീറ്റർ സ്കൂൾ യൂണിഫോം ഇവിടെ നെയ്തിരുന്നു. ഇതു പ്രകാരം 36,000 രൂപ മാർജിൻ മണി ലഭിച്ചിരുന്നു. എന്നാൽ പുതിയ ഉത്തരവു പ്രകാരം 4,500 രൂപയാണു ലഭിക്കുന്നത്.
ദൈനംദിന പ്രവർത്തനങ്ങൾ, ഓഫിസ് ജീവനക്കാരുടെ ശമ്പളം എന്നിവയ്ക്ക് 40,000 രൂപയെങ്കിലും വേണ്ടിവരും എന്നതാണു പ്രതിസന്ധിക്കു കാരണമായിരിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ വെട്ടിക്കുറച്ച മാർജിൻ മണി പുനഃസ്ഥാപിച്ചു നൽകണം എന്ന ആവശ്യമാണു സംഘത്തിനുള്ളതെന്നു പ്രസിഡന്റ് എ ഒ അഗസ്റ്റിൻ പറഞ്ഞു.