Tue. Apr 23rd, 2024
തിരുവനന്തപുരം:

കുറഞ്ഞ നിരക്കിൽ രുചിയൂറും ഊണുമായി ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടൽ പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ക്യാന്റീൻ കെട്ടിടത്തിൽ തുറന്നു. സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണിത്‌.

20 രൂപ നിരക്കിൽ ഇവിടെ ഉച്ചയൂണ് ലഭിക്കും. സ്‌പെഷ്യൽ വിഭവങ്ങൾക്കും വിലക്കുറവുണ്ട്‌. നിർധനർക്ക്‌ ഒരുനേരത്തെ ഭക്ഷണം സൗജന്യമാണ്. നന്ദൻകോട്ടെ വായന കുടുംബശ്രീ യൂണിറ്റിനാണ് നടത്തിപ്പ് ചുമതല.

ഓരോ ഊണിനും നടത്തിപ്പുകാർക്ക് അഞ്ച് രൂപ സർക്കാർ സബ്സിഡിയുണ്ട്. ഒരു യൂണിറ്റിന് 10 ലക്ഷം രൂപയാണ് സർക്കാർ സഹായം. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി ആന്റണി രാജു അധ്യക്ഷനായി. കൗൺസിലർ പാളയം രാജൻ ഉൾപ്പെടെയുള്ളവർ സംസാരിച്ചു.

സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും സുഭിക്ഷ ഹോട്ടൽ പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. കിടപ്പുരോഗികൾക്കുൾപ്പെടെ ഉച്ചഭക്ഷണം എത്തിക്കുന്നത് പദ്ധതിയുടെ ഭാഗമാക്കും. സപ്ലൈകോ വഴി ഭക്ഷ്യവസ്തുക്കൾ സബ്സിഡി നിരക്കിൽ നൽകുന്നത് പരിഗണനയിലാണെന്നും പറഞ്ഞു.