Mon. Dec 23rd, 2024
തൊടുപുഴ:

രണ്ടരക്കോടി ചെലവിട്ട് പണിത ഇടുക്കി മലങ്കര ടൂറിസം ഹബ്ബിലെ എൻട്രൻസ് പ്ലാസ കാടുകയറി നശിക്കുന്നു. നിര്‍മ്മാണത്തിലെ അപാകതയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണ് മലങ്കരയുടെ സ്വപ്നപദ്ധതിയെ തുലച്ചത്.

മിനി തിയേറ്ററും അക്വേറിയവും ലഘുഭക്ഷണശാലയുമൊക്കെയായി മലങ്കരയുടെ ടൂറിസം മേഖലയ്ക്ക് മുതൽകൂട്ടാവേണ്ടിയിരുന്നതാണ് ഈ എൻട്രൻസ് പ്ലാസ. എന്നാൽ നിര്‍മ്മാണത്തിലെ അപാകതകൾ എല്ലാം കുളമാക്കി.

കെട്ടിടത്തിന്‍റെ മുകൾ വശത്തായാണ് വെന്‍റിലേറ്റര്‍ കൊടുത്തത്. ഇതുവഴി ചാറ്റൽ മഴയ്ക്ക് പോലും വെള്ളം കയറുന്ന അവസ്ഥയാണ്. ശുചിമുറികളുടെ ഭാഗത്തും ആകെക്കുഴപ്പമാണ്. സര്‍ക്കാര്‍ അംഗീകൃത ഏജൻസിയായ ഹാബിറ്റാറ്റിനായിരുന്നു നിര്‍മ്മാണ ചുമതല.

അവരെ പഴിചാരി രക്ഷപ്പെടുകയാണ് ടൂറിസം വകുപ്പ്. പ്രശ്നം പരിഹരിക്കാനോ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനോ രണ്ട് വര്‍ഷമായി ഒന്നും ചെയ്തിട്ടുമില്ല

നഷ്ടം പൊതുഖജനാവിനും മലങ്കരയുടെ ടൂറിസം സ്വപ്നങ്ങൾക്കും മാത്രമായി ഇന്നും അവശേഷിക്കുന്നു. ഇടുക്കിയില്‍ ഇങ്ങനെ ടൂറിസം പദ്ധതികള്‍ നശിക്കുന്നത് ആദ്യ കാര്യമല്ല. നേരത്തെ, മൂന്നാറിലെ വിവിധ ടൂറിസം സെന്‍ററുകള്‍ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞപ്പോഴും ആരും തിരിഞ്ഞു നോക്കാതിരുന്ന ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ചര്‍ച്ചയായിരുന്നു. അശാസ്ത്രീയമായ നിർമ്മാണവും സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള സംവിധാനങ്ങളും ഒരുക്കാത്തതാണ് പാർക്കിന് തിരിച്ചടിയായത്.