Mon. Dec 23rd, 2024

പാലക്കാട്‌:

സപ്ലൈകോ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന നെല്ലുസംഭരണത്തിന്റെ വേഗം കുറച്ച്‌ മഴ. രണ്ട്‌ ദിവസമായി കനത്ത മഴ തുടരുന്നതിനാൽ സംഭരണം പതുക്കെയായി. സെപ്‌തംബർ ഒന്നുമുതൽ 25 വരെ 397 ടൺ നെല്ല്‌ സംഭരിച്ചു. എന്നാൽ 26 മുതൽ 28 വരെ 13 ടൺ നെല്ലാണ്‌ സംഭരിക്കാനായത്‌.

മഴയെത്തുടർന്ന്‌ നെൽച്ചെടികൾ വീഴുന്നത്‌ കർഷകരിൽ ആശങ്കയുണ്ടാക്കി.  ആരക്കോട് കുളമ്പ്,  കിഴക്കേത്തറ എന്നിവിടങ്ങളിലെ പാടശേഖരത്തിൽ കൊയ്യാറായ നെൽച്ചെടികൾ വെള്ളത്തിനടിയിലായി. ഷൊർണൂർ നഗരസഭ കൃഷിഭവൻ പരിധിയിലെ കാരക്കാട് പാടശേഖരത്തിൽ കൊയ്ത്തിനു തയ്യാറായ 50 ഏക്കർ കൃഷി നശിച്ചു.

30 ലധികം കർഷകരുടെ കൃഷിയാണ് വെള്ളംകയറി നശിച്ചത്. 2 ആഴ്ച കഴിഞ്ഞാൽ കൊയ്‌ത്തിന്‌ തയ്യാറാവേണ്ട നെല്ലാണിത്. എലപ്പുള്ളിയിൽ വിളവെടുപ്പിനു പാകമായ 200 ഏക്കർ നെൽകൃഷി നശിച്ചു.കൊയ്തെടുത്ത നെല്ല്‌ സൂക്ഷിക്കാൻ സൗകര്യമില്ലാത്തതും പ്രതിസന്ധിയാണ്‌.

പാടശേഖര സമിതികളുടെ നേതൃത്വത്തിൽ കൂടുതൽ കൊയ്‌ത്തുയന്ത്രം എത്തിക്കണമെന്നാണ്‌ കർഷകരുടെ ആവശ്യം. ചില പ്രദേശങ്ങളിൽ രാത്രിയിലും കൊയ്യുന്നുണ്ട്‌.  നിലവിൽ 36 മില്ലുകൾ സപ്ലൈകോയുമായി കരാറുണ്ടാക്കി.

ബാക്കി മില്ലുകളും ഉടൻ കരാറാക്കുമെന്ന്‌ പാഡി മാർക്കറ്റിങ് ഓഫീസർ സി മുകുന്ദൻ അറിയിച്ചു. മഴ കുറഞ്ഞാൽ കൊയ്‌ത്ത്‌ പൂർണതോതിലാക്കാനാണ്‌ നിർദേശം.  ജില്ലയിൽ 61,000ന്‌ മുകളിൽ കർഷകർ നെല്ലളക്കാൻ രജിസ്റ്റർ ചെയ്‌തു.

ആലത്തൂർ താലൂക്കിലാണ്‌  കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്‌. വടക്കഞ്ചേരി, ആലത്തൂർ, കൊല്ലങ്കോട്‌, കുഴൽമന്ദം, ഒറ്റപ്പാലം, ചാലിശേരി, ലെക്കിടി, കപ്പൂർ പ്രദേശങ്ങളിലും കൊയ്‌ത്ത്‌ നടക്കുന്നു. കഴിഞ്ഞ വർഷം 13,100 ടണ്ണിനുമുകളിൽ നെല്ലെടുത്തിരുന്നു.