Wed. Jan 22nd, 2025

കൊപ്പം ∙

പുഴ പോലെ ഒഴുകി കൊപ്പം ടൗൺ. ദുരിതത്തിലായി വാഹനങ്ങളും യാത്രികരും. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ പെരുമഴയിൽ ആണ് കൊപ്പം ടൗൺ പുഴയായി ഒഴുകിയത്. ടൗണിൽ പട്ടാമ്പി, പെരിന്തൽമണ്ണ, വളാഞ്ചേരി റോഡുകളിൽ നിന്ന് ഉൾപ്പെടെ കുത്തിയൊലിച്ചെത്തിയ മഴവെള്ളത്തിൽ മുളയൻകാവ് റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങി.

രാവിലെ തുടങ്ങിയ ശക്തമായ മഴയിൽ മുളയൻകാവ് റോഡ് ഒരു ദിവസം മുഴുവൻ വെള്ളക്കെട്ടിൽ മുങ്ങി നിന്നു. ടൗൺ നവീകരണത്തിന്റെ ഭാഗമായി നാലു റോഡുകളിലും കാനകളുടെ പ്രവൃത്തി നടന്നു വരികയാണ്. പഴയ കാനകൾ പൊളിച്ചിട്ടിട്ടുണ്ട്.

മലിനജലം ഉൾപ്പെടെ റോഡിലേക്ക് കുത്തിയൊലിച്ചെത്തിയാണ് ടൗൺ വെള്ളത്തിനടിയിലായത്. ഹർത്താൽ കാരണം വാഹനത്തിരക്ക് കുറവായിരുന്നെങ്കിലും ടൗണിൽ എത്തിയ അത്യാവശ്യ യാത്രക്കാർ പെരുവഴിയിലായി. പട്ടാമ്പി, വളാഞ്ചേരി, പെരിന്തൽമണ്ണ റോഡുകളിൽ നിന്ന് മുളയൻകാവ് വഴി പോകാൻ എത്തിയ വാഹനങ്ങൾ മുളയൻകാവ് റോഡിൽ കുടുങ്ങി.

മുളയൻകാവ് ഭാഗത്ത് നിന്ന് ടൗണിലേക്ക് വന്നവരും റോഡിലെ വെള്ളക്കെട്ട് കാരണം തിരിച്ചു പോയി. സ്ത്രീകളും കുട്ടികളുമായി ഇരുചക്ര വണ്ടികളിൽ എത്തിയവരാണ് ലക്ഷ്യ സ്ഥാനത്തേക്ക് എത്താൻ കഴിയാതെ മടങ്ങിയത്. കാറുകളിൽ വന്നവരെ വെള്ളക്കെട്ട് മറികടക്കാൻ നാട്ടുകാർ സഹായിച്ചു.

കാൽനട യാത്രികരും സൈക്കിൾ സവാരിക്കാരും വെള്ളക്കെട്ട് നീന്തിയാണ് കരകയറിയത്. ആശുപത്രി കേസുകൾ ഉൾപ്പെടെ അത്യാവശ്യ യാത്രക്കാരെ വ്യാപാരികളും നാട്ടുകാരും ചേർന്ന് കടത്തി വിട്ടു.