Mon. Dec 23rd, 2024
കോട്ടയം:

മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസനത്തിന് കരുത്തേകുന്ന 9.34 കോടി രൂപയുടെ വികസനപദ്ധതികൾ ചൊവ്വാഴ്‌ച നാടിനു സമർപ്പിക്കുമെന്ന് സഹകരണ-മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിർമാണം പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം രാവിലെ 10ന് ഗവ നേഴ്‌സിങ്‌ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും.

20 കോടി രൂപ ചെലവിൽ നിർമിച്ച നേഴ്‌സിങ് കോളേജ് ഓഡിറ്റോറിയവും ലൈബ്രറി-പരീക്ഷ ഹാളും, 40 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ഏഴ്, എട്ട് ന്യൂറോ സർജറി വാർഡുകൾ, ഒരുകോടി രൂപ ചെലവിൽ കുട്ടികളുടെ ആശുപത്രിയിൽ സ്ഥാപിച്ച ഓക്‌സിജൻ ജനറേറ്റർ, 1.50 കോടി രൂപ ചെലവിൽ സ്ഥാപിച്ച 750 കെവി ജനറേറ്റർ, സബ്‌സ്‌റ്റേഷൻ, 24.11 ലക്ഷം രൂപ ചെലവിൽ നിർമിച്ച നെഫ്രോളജി ലാബ് എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക.

ന്യൂറോസർജറി കഴിഞ്ഞ രോഗികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കിയാണ് ഏഴ്, എട്ട് വാർഡുകൾ നവീകരിച്ചത്. ഓക്‌സിജൻ ജനറേറ്റർ സ്ഥാപിക്കുന്നതോടെ കുട്ടികളുടെ ആശുപത്രിക്ക് ഓക്‌സിജന്റെ ലഭ്യതയിൽ സ്വയംപര്യാപ്തത നേടാനാകും.

മെഡിക്കൽ കോളേജ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് 750 കെവി ജനറേറ്റർ ഉപകാരപ്പെടും. ഏഴ്‌ സ്ഥലങ്ങളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾക്കും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരിശോധനകൾക്കും നെഫ്രോളജി വാർഡിലെ രോഗികൾക്കും പ്രയോജനം ലഭിക്കുന്നതാണ് നെഫ്രോളജി വാർഡ്.