Mon. Dec 23rd, 2024
കാസർഗോഡ്:

കാസർകോട് സ്വർണ വ്യാപാരിയുടെ 65 ലക്ഷം കവർന്ന കേസിൽ പ്രതികളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ദൃശ്യങ്ങളിലുള്ള അഞ്ചുപേരും കണ്ണൂർ, കോഴിക്കോട് സ്വദേശികളാണെന്നാണ് സൂചന. മൂന്നുകോടി രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തൽ.

കഴിഞ്ഞ ബുധനാഴ്ച ഉച്ചക്കാണ് മംഗളൂരു കാസർകോട് ദേശീയപാതയിലെ മൊഗ്രാൽപുത്തൂർ പാലത്തിനുസമീപം കാർ തടഞ്ഞു പണം തട്ടിയത്. ഡ്രൈവറെ തട്ടിക്കൊണ്ടുപോവുകയും പയ്യന്നൂരിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കവർച്ചയ്ക്കുശേഷം പൊലീസ് ശേഖരിച്ച സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

കാർ മംഗളൂരുവിൽനിന്ന് തലശ്ശേരിയിലേക്ക് പണവുമായി പോവുകയായിരുന്നു. വ്യാജ നമ്പർ പതിച്ച കാറുകളിലായിരുന്നു പ്രതികൾ സഞ്ചരിച്ചിരുന്നത്. പ്രതികൾ കോഴിക്കോട് വരെ സഞ്ചരിച്ചതിന്‍റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര സ്വദേശിയായ സ്വർണവ്യാപാരിയുടെ പണം സമാനമായ രീതിയിൽ 2016ൽ ചെർക്കളയിൽ വച്ച് കവർന്നിരുന്നു. അന്ന് നഷ്ടപ്പെട്ടത് ഒന്നേകാൽ കോടിയാണ്.തലശ്ശേരിയിൽവന്ന് വർഷങ്ങളായി സ്വർണക്കച്ചവടം ചെയ്യുന്നയാളാണ് കൈലാസ് എന്ന ഈ വ്യാപാരി.

പണം നഷ്ടപ്പെട്ടത് ബുധനാഴ്ച ആണെങ്കിലും ഒരു ദിവസം വൈകി വെള്ളിയാഴ്ചയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. 65 ലക്ഷം നഷ്ടപ്പെട്ടു എന്നാണ് പരാതിയെങ്കിലും മൂന്ന് കോടി രൂപയെങ്കിലും ഉണ്ടാകാം എന്നാണ് പൊലീസിന്റെ വിലയിരുത്തൽ.