Mon. Dec 23rd, 2024
അടൂർ:

ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ കയ്യിൽ നിന്ന് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് 50,000 രൂപ വാങ്ങിയതായി പരാതി. പള്ളിക്കൽ വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റന്റാണു തെങ്ങമം സ്വദേശിയായ യുവതിയുടെ കയ്യിൽ നിന്ന് പണം വാങ്ങിയതെന്നാണ് പരാതി. പള്ളിക്കൽ വില്ലേജ് ഓഫിസിൽ പാർടൈം സ്വീപ്പറായി ജോലി നൽകാമെന്നും പറഞ്ഞ് 2 മാസം മുൻപാണ് പണം വാങ്ങിയതെന്ന് യുവതി പറഞ്ഞു.

എന്നാൽ ഇതുവരെയും ജോലി ലഭിക്കാഞ്ഞതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകാഞ്ഞതിനെ തുടർന്ന് യുവതി ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനു പരാതി നൽകി. ഈ പരാതി പിന്നീട് അടൂർ തഹസിൽദാർക്ക് കൈമാറി.

ഇതിനു ശേഷം താലൂക്ക് ഓഫിസിലേക്ക് ഇരുകൂട്ടരെയും വിളിപ്പിച്ചിരുന്നു. പണം കഴിഞ്ഞ ദിവസം തിരികെ കൊടുക്കാമെന്ന് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പറഞ്ഞിരുന്നതാണ്. എന്നാൽ ഇതുവരെ പണം ലഭിച്ചിട്ടില്ലെന്ന് യുവതി പറഞ്ഞു.