Fri. Mar 29th, 2024
തൊടുപുഴ:

കോവിഡും അടച്ചിടലുമെല്ലാം ജീവിതത്തിന്റെ ദിശതന്നെ മാറ്റിയെഴുതിയ കാലത്ത് തോറ്റുകൊടുക്കാൻ അവസരം ഒരുക്കാതെ വഴിയോരത്തെ ബിരിയാണി കച്ചവടത്തിലൂടെ സ്വപ്നങ്ങൾ മെനയുകയാണ് ബിരുദാനന്തര ബിരുദധാരിയായ നീതു ഷൈജു. കോവിഡ് നിയന്ത്രണങ്ങൾ ജീവിതത്തിലേക്ക് ക്ഷണിക്കാതെ എത്തിയപ്പോൾ സ്വകാര്യസ്ഥാപനത്തിലെ അക്കൗണ്ടന്റായ നീതുവിന്റെയും ടൈൽസ് പണിക്കാരനായ ഭർത്താവ് ഷൈജുവിന്റെയും ജീവിതത്തിന്റെ താളമാകെ തെറ്റി.

ഷൈജുവിന് ജോലിയില്ലാതായതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. തുടർന്നാണ് നീതു ബിരിയാണി വിൽപ്പനയിലേക്ക്‌ ഇറങ്ങിയത്. കോവിഡ് കാലഘട്ടത്തിൽ കടമുറിയും അതിന്റെ വാടകയും മറ്റ് സൗകര്യങ്ങളും കൂടുതൽ പ്രാരബ്ധങ്ങൾ സൃഷ്ടിക്കുമെന്ന ബോധ്യപ്പെടലിൽ വീടിന്റെ മുന്നിലെ റോഡരികിൽ സ്ഥാനമുറപ്പിച്ചു.

കോലാനി സ്വദേശിയായ നീതു തൊടുപുഴ–പാലാ റൂട്ടിലെ നടുക്കണ്ടം ഭാഗത്ത് സ്വന്തം വാഹനത്തിൽ ബിരിയാണികൾ ഒരുക്കി. ഇതിലൂടെ പ്രതിസന്ധിയിൽ തളർന്ന തന്റെ വീടിന്റെ ഉയിർത്തെഴുന്നേൽപ്പിന് പരിഹാരം തേടുകയായിരുന്നു.

സ്വന്തമായി തയ്യാറാക്കിയ ബിരിയാണിപ്പൊതികൾ ഈ വീട്ടമ്മയുടെ ജീവിതം മാറ്റിയെഴുതി. ആദ്യം പരീക്ഷണാർഥം പത്ത് ബിരിയാണികൾ. വില ഒന്നിന് നൂറുരൂപ. കുറഞ്ഞ വിലയും നല്ല രുചിയും ബിരിയാണിയുടെ ആവശ്യക്കാരെ ഇരട്ടിയാക്കി.

തന്റെ ബിരിയാണിക്ക് ആവശ്യക്കാർ ഏറിയതോടെ പ്രതിസന്ധിയുടെ പരിഹാരം ഇതാണെന്ന് നീതു ഉറപ്പിച്ചു. പിന്നീടങ്ങോട്ട് ഒരു ദിവസം നൂറിലേറെ ബിരിയാണിപ്പൊതികൾ. ഓരോ ദിവസവും കച്ചവടം മണിക്കൂറുകൾക്കുള്ളിൽ തീരുന്ന കാഴ്ച. ബിരിയാണി വിൽപ്പനയ്ക്ക് ഭർത്താവായ ഷൈജുവിന്റെ പൂർണ പിന്തുണയുമുണ്ട്.