Mon. Dec 23rd, 2024
കോഴിക്കോട്:

കോഴിക്കോട് നടക്കാവിൽ സ്വകാര്യ ബ്രോഡ്ബാൻഡ് സ്ഥാപനത്തിന് നേരെ ഹർത്താലനുകൂലികളുടെ അതിക്രമം. ഫോർകോം എന്ന ബ്രോഡ് ബാൻഡ് ഫ്രാൻഞ്ചൈസി സ്ഥാപനത്തിലെ ജീവനക്കാരെയാണ് ഹർത്താലനുകൂലികൾ കയ്യേറ്റം ചെയ്തത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

ബലംപ്രയോഗിച്ച് സ്ഥാപനം അടപ്പിക്കാനും സിപിഎം അംഗങ്ങൾ ഉൾപ്പെടെയുളള ഹർത്താലനുകൂലികൾ ശ്രമിച്ചു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച വനിതയ്ക്കെതിരെ വധഭീഷണിയും ഹർത്താലനുകൂലികൾ മുഴക്കി. വനിതകൾ ഉൾപ്പെടെയുളളവെരെ കയ്യേറ്റം ചെയ്യുകയും ഓഫീസ് സാമഗ്രികൾ നശിപ്പിക്കാനും ശ്രമിച്ചെന്ന് കാണിച്ച് ജീവനക്കാർ നടക്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അതേസമയം ജീവനക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഹർത്താലനുകൂലികളും നടക്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.തിരുവനന്തപുരത്തും ഹർത്താൽ ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. തിരുവനന്തപുരം നരുവാമൂട്ടിൽ പെട്രോൾ പമ്പ് നടത്തിപ്പുകാരനെ ഹർത്താൽ അനുകൂലികൾ മർദ്ദിച്ചതായി പരാതിയുണ്ടായി.

നരുവാമൂട്ടിലെ ഐ ഒ സി പെട്രോൾ പമ്പ് ഉടമ ഷൈൻ എസ് ദാസിനാണ് മർദ്ദനമേറ്റത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി അനീഷിൻ്റെ നേതൃത്വത്തിലെത്തിയവർ മർദ്ദിച്ചെന്നാണ് പെട്രോൾ പമ്പുടമയുടെ പരാതി. തിരുവനന്തപുരം വട്ടിയൂർക്കാവിൽ തുറന്നു പ്രവർത്തിച്ച മോർ സൂപ്പർമാർക്കറ്റും മുത്തൂറ്റ് ബ്രാഞ്ചും ഹർത്താൽ അനുകൂലികൾ അടപ്പിച്ചു.