Wed. Jan 22nd, 2025

പാലക്കാട്:

മെമു ട്രെയിനുകളുടെ പരിപാലനത്തിന്‌ ഒലവക്കോട് ജങ്ഷനില്‍ സ്ഥാപിച്ച മെമു ഷെഡ് വികസിപ്പിക്കുന്നു. 12 ബോ​ഗികളുള്ള മെമു ട്രെയിനുകൾവരെ സർവീസ് ചെയ്യാവുന്ന വിധമാണ് വികസിപ്പിക്കുക. നിലവിൽ എട്ട് ബോ​ഗികളുള്ള ട്രെയിനുകൾക്കാണ് ഇവിടെ സർവീസുള്ളത്.

നവീകരണത്തോടെ കോയമ്പത്തൂർ-മംഗലാപുരം, കോയമ്പത്തൂർ-എറണാകുളം പാതയിൽ 12 ബോ​ഗികളുള്ള മെമു സർവീസ് ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ. മൂന്നാംഘട്ടം ഷെഡിന്റെ നീളം 180ൽനിന്ന് 280 മീറ്ററാക്കും. ട്രെയിനുകൾ നിർത്തിയിടാനും അറ്റകുറ്റപ്പണി നടത്താനും ഇതിലൂടെ സൗകര്യമൊരുങ്ങും.

മൂന്നാം ഘട്ട നവീകരണത്തിന് റെയിൽവേ ടെൻഡർ ക്ഷണിച്ചു. നിലവിൽ പാലക്കാട് ഡിവിഷനു കീഴിൽ സർവീസ് നടത്തുന്ന എറണാകുളം, ഷൊർണൂർ, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിലേക്കുള്ള അഞ്ച് മെമു ട്രെയിനുകളാണ്‌ ഇവിടെ അറ്റകുറ്റപ്പണി ചെയ്യുന്നത്. നവീകരണത്തോടെ ഇത് ഇരട്ടിയാക്കാനാകും.

ബോ​ഗി  ഉയർത്താൻ രണ്ട് വൈദ്യുതി ക്രെയിനുകളും മൂന്നാംഘട്ട വികസനത്തിന്റെ ഭാ​​ഗമായി സ്ഥാപിക്കും.  ഇപ്പോള്‍ ഒരു ബോ​ഗി അറ്റകുറ്റപ്പണി ചെയ്യാൻ എട്ടു മണിക്കൂർവരെ ആവശ്യമാണ്‌. നവീകരണത്തോടെ ഇത് നാലുമണിക്കൂറായി കുറയും.

15 ദിവസം കൂടുമ്പോൾ ബ്രേക്ക്, ഓയിൽ, ഇലക്‌ട്രിക്കൽ പരിശോധനയും നടത്തും. 14 കോടി രുപയാണ് രണ്ടാംഘട്ട വികസനത്തിന്‌ ചെലവിട്ടത്. 2010ലാണ് ഒലവക്കോട് മെമു ഷെഡ് സ്ഥാപിച്ചത്. കൂടുതൽ മെമു സർവീസ് തുടങ്ങുന്നതിന്റെ ഭാ​ഗമായി 2020ൽ നവീകരിച്ചു.

കോവി‍ഡ് ഭീതി ഒഴിഞ്ഞിട്ടും മെമു, പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കാത്തതിൽ യാത്രക്കാർക്ക്‌ പ്രതിഷേധമുണ്ട്‌. ദീർഘദൂര ട്രെയിനുകൾ ആരംഭിച്ചെങ്കിലും ആളുകൾ കുറവാണെന്ന കാരണത്താലാണ് മെമു സര്‍വീസ് വൈകിപ്പിക്കുന്നത്. ഇതിനിടയിൽ മെമു ഷെഡ് നവീകരണവുമായി റെയിൽവേ മുന്നോട്ടുപോകുന്നത് പ്രതീക്ഷയാണ്.

എം ബി രാജേഷ് എംപിയായിരിക്കെയാണ് മെമു ഷെഡ് പാലക്കാട് ആരംഭിച്ചത്. രണ്ടാംഘട്ട നവീകരണത്തിന് തുടക്കം കുറിച്ചതും രാജേഷിന്റെ ഇടപെടലിലായിരുന്നു.