കോട്ടയം:
എം ജി സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നത് വൈകുന്നു. വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഒന്നാം സെമസ്റ്റർ ഫലം മാത്രമാണ് പൂർണമായി പ്രസിദ്ധീകരിക്കാൻ സാധിച്ചത്. എം കോം, എം എ ഇംഗ്ലീഷ്, ഇക്കണോമിക്സ് എന്നിവയുടെ രണ്ടാം സെമസ്റ്റർ ഫലം പ്രസിദ്ധീകരണത്തിന് തയാറാണെങ്കിലും പുറത്തുവിട്ടിട്ടില്ല.
എം എ ഹിസ്റ്ററിയുടെ സ്ഥിതിയും ഇതുതന്നെ. പ്രൈവറ്റായി രജിസ്റ്റർ ചെയ്തവർ, സപ്ലിമെൻററി പരീക്ഷ എഴുതിയവർ, മേഴ്സി ചാൻസിൽ പരീക്ഷ എഴുതിയവർ എന്നിങ്ങനെ പല വിഭാഗങ്ങളിലായി കുട്ടികൾ കൂടുതൽ ഉള്ളതിനാലാണ് ഫലം വൈകുന്നതെന്നാണ് പരീക്ഷഭവനിൽനിന്ന് ലഭിക്കുന്ന മറുപടി.
മോഡറേഷൻ അടക്കം കാര്യങ്ങൾ തീരുമാനിക്കാനുള്ള കാലതാമസവും വിനയാകുന്നുണ്ട്. ഇതുസംബന്ധിച്ച യോഗം ഉടൻ ചേരും. എം എസ്സി ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്സ് തുടങ്ങിയ കോഴ്സുകളുടെ രണ്ടാം സെമസ്റ്റർ ഫലം വരാൻ ഒരാഴ്ചയിൽ കൂടുതൽ സമയമെടുക്കും.
മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്കുകൾ രേഖപ്പെടുത്തുന്ന ജോലി പുരോഗമിക്കുന്നതേയുള്ളൂ. ഒക്ടോബർ പകുതിക്ക് ശേഷം മാത്രമെ ഈ കാര്യത്തിൽ തീരുമാനമാകൂ. നാലാം സെമസ്റ്റർ ഫലം നവംബറിൽ പ്രതീക്ഷിച്ചാൽ മതിയെന്നാണ് സർവകലാശാലയിൽനിന്ന് ലഭിക്കുന്ന സൂചന.
നേരത്തെ, അർഹമായ ഗ്രേസ് മാർക്ക് ചേർക്കാതെ ബിരുദഫലം പ്രസിദ്ധീകരിച്ച എം ജി സർവകലാശാലയുടെ നടപടി വിദ്യാർഥികളെ ഏറെ വലച്ചിരുന്നു. ഗ്രേസ് മാർക്കുകൂടി ഉൾപ്പെടുത്തിയുള്ള മാർക്ക് ലിസ്റ്റുകളുടെ അച്ചടി സർവകലാശാലയിൽ പുരോഗമിക്കുകയാണ്. ഗാന്ധിജയന്തിക്ക് ശേഷം ഇവയുടെ വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
സർവകലാശാല അധികൃതരുടെ അനാസ്ഥയാണ് പരീക്ഷഫലം വൈകുന്നതിന് കാരണമെന്നാണ് കോളജ് അധ്യാപകർ ആരോപിക്കുന്നത്. സർവകലാശാലയിൽനിന്നുള്ള നിർദേശമനുസരിച്ച് മുഴുവൻ ഉത്തരക്കടലാസുകളും രണ്ടാഴ്ചക്കുള്ളിൽതന്നെ പരിശോധിച്ച് തിരിച്ചുനൽകിയിരുെന്നന്ന് അവർ പറയുന്നു. പരാതിയുമായി കോളജുകളും സർവകലാശാലയെ സമീപിച്ചിരുന്നു.
എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന മറുപടി മാത്രമാണ് സർവകലാശാല നൽകിയതെന്ന് വിവിധ കോളജുകളുടെ മേധാവികൾ പറയുന്നു. എന്നാൽ,കൊവിഡും അനുബന്ധ നിയന്ത്രണങ്ങളുമാണ് ഫലം വൈകുന്നതിന് കാരണമായി ജീവനക്കാർ പറയുന്നത്. വാല്യേഷൻ ക്യാമ്പുകൾ നടത്താനാവാത്തത് വേഗത്തിലുള്ള ഫലപ്രഖ്യാപനത്തെ ബാധിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ പകുതി ജീവനക്കാരുമായി പ്രവർത്തിക്കേണ്ടിവരുന്നതും വിനയായി.