Sat. Nov 23rd, 2024

വൈപ്പിൻ∙

തീൻ മേശകൾക്ക് അത്ര പരിചിതമല്ലാത്ത ക്ലാത്തി മീൻ മത്സ്യ പ്രേമികൾക്കിടയിൽ സ്ഥാനം നേടിത്തുടങ്ങുന്നു. അടുത്തകാലത്തായി   മത്സ്യബന്ധന ബോട്ടുകൾക്കു കൂടുതലായി ലഭിക്കുന്നതും കടുപ്പമേറിയ തൊലി നീക്കി വിൽപനയ്ക്കെത്തുന്നതുമാണ്  ഇവയുടെ പ്രിയം വർധിപ്പിച്ചിരിക്കുന്നത്. തൊലിയുടെ കടുപ്പത്തിനു പുറമേ മുള്ളുകൾക്കും കാഠിന്യം അൽപം കൂടുതലാണ്.

കിലോഗ്രാമിന് 80 മുതൽ 120 രൂപ വരെ നിരക്കിലാണു വിൽപന. ഉറപ്പേറിയ മാംസം രുചിയിലും മുന്നിലാണെന്ന് ഉപയോഗിച്ചവർ പറയുന്നു.ഫിഷ് കട്‌ലറ്റിനും മറ്റും ഏറെ അനുയോജ്യമാണ്.

പരീക്ഷണമെന്ന നിലയിൽ സ്റ്റാളിൽ വിൽപനയ്ക്കെത്തിച്ച ക്ലാത്തിക്ക് പതുക്കെ ഡിമാൻഡ് വർധിക്കുകയുമായിരുന്നുവെന്ന് ചെറായി കരുത്തലയിലെ സ്റ്റാർ ഫിഷ് സ്റ്റാൾ ഉടമകളായ  പിഎസ് സജീവ്, ഒസി സൈജു, ചിന്നൻ എന്നിവർ പറഞ്ഞു. ആഴക്കടലിൽ പാറക്കെട്ടുകളുള്ള ഭാഗങ്ങളിൽ കണ്ടു വന്നിരുന്ന ക്ലാത്തി സൂനാമിക്ക് ശേഷമാണ് തീരത്തേക്കു കൂടുതൽ അടുത്തു തുടങ്ങിയത്.

നേരത്തെ കന്യാകുമാരി മേഖലയിൽ നിന്നാണു കൂടുതലായി കിട്ടിയിരുന്നതെങ്കിലും ഇപ്പോൾ കേരള തീരത്തും സാന്നിധ്യമുണ്ട്.  കറുപ്പ്, മഞ്ഞ, വെള്ള നിറങ്ങളിൽ കണ്ടു വരുന്ന ഈ മത്സ്യം സാമാന്യം വലിപ്പമുള്ളവയാണ്.