കോടിക്കുളം:
അധ്യാപകരും പഞ്ചായത്ത് അംഗവും വൈദ്യുതി വകുപ്പ് ജീവനക്കാരും കൈകോർത്തതോടെ അലീനയുടെ കുടിലിൽ വൈദ്യുതി എത്തി. വണ്ടമറ്റം കപ്പത്തൊട്ടിയിലെ പുതുശ്ശേരി ദിലീപും ഭാര്യ ഷാമിലിയും മക്കളായ അലീനയും ഇമ്മാനുവലും സ്വന്തം സ്ഥലത്ത് വീടു പണിയാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ സമീപത്തു തന്നെ വാടകക്കെട്ടിടത്തിൽ താമസിക്കുകയായിരുന്നു.
കൊവിഡ് പ്രതിസന്ധിയിൽ ജോലി കിട്ടാതായതോടെ വീട് ഒഴിഞ്ഞ് സ്വന്തമായുള്ള അഞ്ചു സെന്റ് സ്ഥലത്ത് കുടിൽ കെട്ടി താമസം മാറി. പക്ഷേ, ഇവിടെ വൈദ്യുതി ഇല്ല. നെടുമറ്റം ഗവ യുപി സ്കൂൾ വിദ്യാർഥിയായ അലീനയ്ക്ക് പഠിക്കാൻ കഴിയാത്ത സാഹചര്യം. വിദ്യാർഥിനിയുടെ അവസ്ഥ ഹെഡ്മിസ്ട്രസ് മോളി പഞ്ചായത്ത് അംഗം പോൾസൺ മാത്യുവിനെ ധരിപ്പിച്ചു.
പോൾസൺ ഇടപെട്ട് കുടിലിന് കെട്ടിട നമ്പർ കിട്ടാനുള്ള നടപടികൾ സ്വീകരിച്ചു. ഇവരെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്തി നടപടികൾ പൂർത്തിയാക്കി വണ്ണപ്പുറം വൈദ്യുതി സെക്‌ഷൻ ഓഫിസിൽ എത്തി.
വിവരം അറിഞ്ഞ ജീവനക്കാർ നിർധന കുടുംബത്തെ സഹായിക്കാൻ മുന്നിട്ടിറങ്ങിയെങ്കിലും കുടിലിന് ഭിത്തി ഇല്ലാത്തത് വൈദ്യുതി കണക്‌ഷൻ നൽകാൻ തടസ്സമായി. തുടർന്ന് ഹെഡ് മാസ്റ്റർ മോളിയും സഹ അധ്യാപകരും പിടിഎയും ചേർന്നു ഭിത്തി നിർമിച്ചു നൽകി.
കമ്പി വലിക്കുന്നതു മുതൽ വീട് വയറിങ് വരെയുള്ള ജോലികൾ വണ്ണപ്പുറം വൈദ്യുതി ഓഫിസ് ജീവനക്കാർ സൗജന്യമായി ചെയ്തു നൽകി. അസി എൻജിനീയർ ലിനിൻ കെ മാത്യു ഇവർക്ക് കഴിഞ്ഞ ദിവസം വൈദ്യുതി കണക്‌ഷൻ നൽകി. ഇവരുടെ കുടിലിൽ വൈദ്യുതി വിളക്കു തെളിഞ്ഞപ്പോൾ സന്തോഷം പങ്കിടാൻ വൈദ്യുതി വകുപ്പ് ജീവനക്കാരും എത്തിയിരുന്നു.