Sat. Nov 23rd, 2024

ചാരുംമൂട്:   

താമരക്കുളം വയ്യാങ്കരച്ചിറ ടൂറിസം പദ്ധതിക്കായി മാസ്റ്റർ പ്ലാൻ തയ്യാറാവുന്നു. എം എസ് അരുൺകുമാർ എംഎൽഎയ്‌ക്ക്‌ നൽകിയ ഉറപ്പ് പാലിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്  പദ്ധതി പ്രദേശം സന്ദർശിച്ചു. ചിറയിലേക്കുള്ള  വഴികളുടെയുൾപ്പെടെ വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നൽകാൻ മന്ത്രി നിർദേശിച്ചെന്ന് എംഎൽഎ അറിയിച്ചു.

ഇത് ഉടൻ  വകുപ്പിന് സമർപ്പിക്കും. നൂറ് ഏക്കറോളം വിസ്തൃതിയിലുള്ള ചിറയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ തന്നെ ശ്രദ്ധിക്കപ്പെടുന്ന ടൂറിസം കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ശനിയാഴ്ച രാത്രി പ്രദേശത്തെത്തിയ റിയാസ് പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ ചിറയ്ക്ക്ചുറ്റുപാടും റോഡ്,വിശ്രമസ്ഥലങ്ങൾ,ബോട്ടിങ്‌,ഫിഷിങ്‌,ആയുർവേദ സെന്റർ,ഭക്ഷണശാല,ബിയർ പാർലർ,കളിസ്ഥലങ്ങൾ,സൗന്ദര്യവൽക്കരണം തുടങ്ങിയവയാണ് നിർമിക്കുക.

ആലപ്പുഴ, കൊല്ലം ,പത്തനംതിട്ട ജില്ലകളുടെ സംഗമ സ്ഥലം കൂടിയാണ് ഇവിടം.  കൊല്ലം  ജില്ലയിലെ ശൂരനാട് വടക്ക്, പത്തനംതിട്ടയിലെ പള്ളിക്കൽ, ആലപ്പുഴ  താമരക്കുളം എന്നിവിടങ്ങളിൽ നിന്ന് ചിറയിലെത്താൻ വിശാലമായ റോഡുകളുണ്ട്. എൻ എച്ച് 47,എം സി റോഡ് എന്നിവിടങ്ങളിൽ നിന്ന് 12 കിലോമീറ്റർ ദൂരമേയുള്ളു. കെ പി റോഡിൽ നിന്ന് ഇവിടേക്കുള്ള ദൂരം 5 കിലോമീറ്ററാണ്.

ടൂറിസം പദ്ധതി ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം താമരക്കുളം ലോക്കൽ കമ്മിറ്റിയും മന്ത്രിക്ക് നിവേദനം നൽകി. അരുൺകുമാർ എംഎൽഎ,  ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, ഭരണിക്കാവ് ബ്ലോക്ക് പ്രസിഡന്റ് എസ് രജനി,  അംഗം ശാന്തി സുഭാഷ്, വാർഡ് അംഗങ്ങളായ ശോഭ സജി, ശ്രീജ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.