Sat. Jan 18th, 2025
ചങ്ങനാശേരി:

നഗരമധ്യത്തിൽ നഗരസഭയുടെ കീഴിലുള്ള പെരുന്ന ഗവ ആയുർവേദ ആശുപത്രിയുടെ ശോച്യാവസ്ഥ മാറ്റമില്ലാതെ തുടരുന്നു. യുഡിഎഫ് നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ്‌ ആയുർവേദ ആശുപത്രി നാശത്തിലേക്ക് പോവാൻ കാരണം. പൊളിഞ്ഞ് വീഴാറായ ആയുർവേദ ആശുപത്രികെട്ടിടത്തിൽനിന്ന് മുനിസിപ്പൽ വക കെട്ടിടത്തിലേക്ക് ആശുപത്രി പ്രവർത്തനം മാറ്റി സ്ഥാപിച്ചത് എൽഡിഎഫ് ഭരണകാലത്താണ്‌.

ഈ കെട്ടിടമാണ് ഇന്ന് ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം ചികിത്സ ലഭിക്കാതെ കാടുകയറി നശിക്കുന്നത്‌. ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖല ഉൾപ്പെടെ പലഭാഗങ്ങളിൽ നിന്നായി നിരവധി രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്.

വൃത്തിഹീനമായ നിലയിലും അസൗകര്യങ്ങൾക്കിടയിലും സ്ഥിതിചെയ്യുന്ന ആശുപത്രിയാണ് രോഗികൾക്കും ജീവനക്കാർക്കും ഏറെ ദുരിതം സൃഷ്ടിക്കുന്നത്. നിലവിൽ 13 സ്റ്റാഫുകളാണ് ആശുപത്രിയിലുള്ളത്. 11 പേർ ചികിത്സയിലുണ്ട്. ജനറൽ മെഡിസിൻ, വിഷ ചികിത്സ, ഗൈനക്കോളജി എന്നിങ്ങനെ മൂന്ന് ഡോക്ടർമാരുമുണ്ട്.

ആറ് വർഷം മുമ്പാണ് നഗരസഭ മുനിസിപ്പൽ എൻജിനീയറുടെ ക്വാർട്ടേഴ്‌സിലേക്ക് ആശുപത്രി വാടക കെട്ടിടത്തിൽ നിന്നും മാറി പ്രവർത്തനം ആരംഭിച്ചത്. ആശുപത്രിക്ക്‌ സ്വന്തമായി സ്ഥലം കണ്ടെത്തി അത്യാധുനികസൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

നഗരസഭ സ്ഥലം വിട്ടുനൽകുകയാണെങ്കിൽ ഡിപ്പാർട്ട്‌മെന്റ് കെട്ടിടം നിർമിച്ചു നൽകുന്നതിനായി ആയുഷ് പദ്ധതി പ്രകാരം ഒരു കോടി രൂപഅനുവദിക്കും. എന്നാൽ, യുഡിഎഫ് ഭരണസമിതി നാളിതുവരെയായി നടപടിയെടുത്തില്ല. 60 പേർക്ക് കിടത്തി ചികിത്സ നൽകാൻ കഴിയുന്ന ആശുപത്രിയിൽ നിലവിൽ 10 പേർക്ക്മാത്രമാണ് കിടത്തി ചികിത്സ സൗകര്യമുള്ളത്.

സ്ത്രീകൾക്കായും വിവിധ ചികിത്സയുണ്ടെങ്കിലും സൗകര്യക്കുറവ് തടസ്സമാകുന്നു. ശുചിമുറി സൗകര്യങ്ങളും ഇല്ല. ജീവനക്കാർക്കും രോഗികൾക്കുമായി ഒരു ശുചിമുറിയാണുള്ളത്. ആശുപത്രിയിലെ കക്കൂസ് ടാങ്ക്പൊട്ടി ഒഴുകുന്നതിനും പരിഹാരമായില്ല.