Sat. Apr 20th, 2024
പൂജപ്പുര:

ജീവപരന്ത്യം തടവ് ശിക്ഷ(Life sentence) ലഭിച്ച ശേഷം പരോളിലിറങ്ങി (Parole) 20 കൊല്ലം മുങ്ങി നടന്നതിന്‍റെ(Absconding for 20 years) പേരില്‍ പിന്നീട് ഒരിക്കല്‍ പോലും പരോള്‍ ലഭിക്കാത്ത പ്രതിക്ക് ഒടുവില്‍ ജയില്‍ മോചനം (Release).

1981ൽ തങ്കപ്പൻ എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സദാശിവനാണ് ഒടുവില്‍ മോചനത്തിന് അവസരമൊരുങ്ങുന്നത്. ജയില്‍ ഉപദേശക സമിതിയുടെ നിര്‍ദ്ദേശത്തില്‍ പന്ത്രണ്ട് പേര്‍ക്കാണ് ജയില്‍ മോചനം സാധ്യമാകുന്നത്.

പരോള്‍ ഇല്ലാതെ പത്തൊമ്പതര വര്‍ഷം ശിക്ഷ അനുഭവിച്ച ശേഷമാണ് സദാശിവനും പുറത്തിറങ്ങുന്നത്. 1981ല്‍ ജയിലിലെത്തിയ സദാശിവന്‍ 1985 ഏപ്രിലിലാണ് മുപ്പത് ദിവസത്തെ പരോള്‍ നേടുന്നത്. പരോളിലിറങ്ങിയ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു.

പൊലീസുകാര്‍ അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഊര്‍ജ്ജിതമായ അന്വേഷണം തണുത്തതിന് പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് സദാശിവന്‍ സ്വന്തം നാട്ടില്‍ തന്നെ തിരികെ പൊങ്ങി. നാട്ടില്‍ തന്നെ കടയൊക്കെ നടത്തിയായിരുന്നു സദാശിവന്‍റെ ജീവിതം.എങ്കിലും പൊലീസ് പിടിവീണില്ല.

2004ല്‍ എം ജി എ രാമൻ ഐപിഎസ് ജയിൽ മേധാവി ആയി എത്തിയ കാലത്ത് പരോളിലിറങ്ങി മുങ്ങിയവര്‍ക്കായി അന്വേഷണം ശക്തമാക്കി. 2005ലാണ് സദാശിവന്‍ വീണ്ടും പിടിയിലാവുന്നത്.

ഒരിക്കല്‍ പരോളിലിറങ്ങി ദീര്‍ഘകാലം മുങ്ങിയതിനാല്‍ പിന്നീട് ഒരിക്കല്‍ പോലും സദാശിവന് പരോള്‍ നല്‍കിയില്ല. പതിനാല് വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിച്ചവരെയാണ് പൂജപ്പുര ജയിലിലെത്തിയ ജയില്‍ ഉപദേശക സമിതിയുടെ നിര്‍ദ്ദേശത്തില്‍ വിട്ടയക്കുന്നത്.