Mon. Dec 23rd, 2024
ഏലപ്പാറ:

ചെമ്മണ്ണിലെ 34 കുടുംബങ്ങളെ കുടിയിറക്കാനുള്ള ഹെലിബറിയ തോട്ടം ഉടമയുടെ നീക്കത്തിൽ പ്രതിഷേധമുയരുന്നു. ആറ് പതിറ്റാണ്ടായി തലമുറകളായി താമസിക്കുന്ന സാധാരണക്കാരാണിവർ. സർവേ നമ്പർ 1022ൽ ഉൾപ്പെടുന്ന ഭൂമിക്ക് മുഴുവൻ കുടുംബങ്ങൾക്കും 1964 ലെ സർക്കാർ ഭൂപതിവ്‌ നിയമപ്രകാരം പട്ടയം ലഭിച്ചിട്ടുണ്ട്.

അഞ്ച്‌ മുതൽ 50 സെന്റ് വരെ ഭൂമി കൈവശമുണ്ട്‌. എന്നാൽ, ഹെലിബറിയ തോട്ടം ഉടമ ഭൂമിയുടെ അവകാശം സ്ഥാപിച്ച് വ്യാജരേഖകളുടെ ബലത്തിലാണ് കുടിയിറക്കാനുള്ള നീക്കം നടത്തുന്നത്. ഇതിനെതിരെ പീരുമേട്‌, എറണാകുളം കോടതികളിൽ കേസുകൾ നിലവിലുണ്ട്.

ഇപ്പോൾ ഭൂമി കൈവശമുള്ളവരുടെ മരണപ്പെട്ടുപോയ ബന്ധുക്കളെ അടക്കം ചെയ്തിട്ടുള്ളതും ഇവരുടെ കിടപ്പാടത്തിലാണ്. ലൈഫ് പദ്ധതിയിൽ വീടുവച്ച് താമസിക്കുന്നവരും വർഷങ്ങളായി പഞ്ചായത്തിൽ കെട്ടിടനികുതി ഒടുക്കുന്നവരുമാണ്‌ മുഴുവൻ കുടുംബങ്ങളും.

എന്നാൽ, ഇവരുടെ കൈവശത്തിലുള്ള ഭൂമി സർവേ നമ്പർ 677 ആണന്നും ഭൂമിക്ക് കമ്പനിയുടെ പേരിലും പട്ടയം ഉണ്ടന്നുമുള്ള അവകാശവാദം തോട്ടം ഉടമ ഉന്നയിക്കുന്നു. തങ്ങളുടെ ഭൂമിയിൽനിന്ന്‌ കുടിയിറക്കാൻ വന്നാൽ അംഗീകരിക്കില്ലെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കുടുംബങ്ങൾ പറയുന്നു.