Mon. Dec 23rd, 2024
മൂന്നാർ:

മൂന്നാറിലെ ജില്ലാ പൊലീസ് കമാൻഡ്‌ ആൻഡ്‌ കൺട്രോൾ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. ജില്ലാതല ചടങ്ങ്‌ ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും ഓൺലൈൻ മുഖേന ഉദ്‌ഘാടനം ചെയ്‌തു. ജില്ലയിലെ പൊലീസിന്റെ നിരീക്ഷണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനാണ്‌ കമാൻഡ്‌ ആൻഡ്‌ കൺട്രോൾ സെന്റർ ലക്ഷ്യമിടുന്നത്‌.

സംസ്ഥാനത്ത് മികച്ച രീതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ജോലിചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിനൽകാൻ സർക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സേവനം ആവശ്യമുള്ളിടത്ത് എത്രയും വേഗം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം.

ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് കേന്ദ്രത്തിൽ നിരീക്ഷണത്തിനുള്ള സജ്ജീകരണങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകൾക്ക്‌ കീഴിലുള്ള 44 വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനങ്ങൾ വഴിയാണ് കൺട്രോൾ സെന്ററിന്റെ പ്രവർത്തനം ബന്ധപ്പെടുത്തിയിട്ടുള്ളത്.

അടിയന്തര സാഹചര്യങ്ങളിലും അത്യാഹിത സന്ദർങ്ങളിലും ഏറ്റവും അടുത്ത് ലഭ്യമായ വാഹനങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് സേവനം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ മൂന്നാർ ടൗൺ ഉൾപ്പെടെയുള്ള മേഖലകളിലും പൊലീസ്‌ നിരീക്ഷണം ശക്തമാകും.

സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, ഡീൻ കുര്യാക്കോസ് എംപി, അഡ്വ എ രാജ എംഎൽഎ, ലോ ആൻഡ്‌ ഓർഡർ എഡിജിപി വിജയ് സാഖറേ, സൗത്ത് സോൺ ഐജി പി ഹർഷിത അട്ടല്ലൂരി, എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ്‌ മണിമൊഴി, ആന്ദറാണി, മാർഷ് പീറ്റർ, മൂന്നാർ ഡിവൈഎസ്‌പി കെ ആർ മനോജ് എന്നിവർ സംസാരിച്ചു.