കൽപ്പറ്റ:
പ്രസരണ നഷ്‌ടം കുറച്ച് വൈദ്യുത വിതരണ ശൃംഖല ശക്തിപ്പെടുത്തുന്ന ഗ്രീൻ കോറിഡോർ പദ്ധതിക്ക് വയനാട് പാക്കേജിൽ 850 കോടി അനുവദിച്ചു. മൈസൂരു–അരിക്കോട് 400 കെവി ലൈനിൽ മാനന്തവാടി ഭാഗത്ത് 400 കെവി സബ്‌സ്‌റ്റേഷൻ നിർമിക്കാനാണ് പദ്ധതി.ഇത് കണ്ണൂർ ജില്ലയിലേക്കും നീട്ടും.
സംസ്ഥാനത്ത് അഭ്യന്തര ഉപഭോഗത്തിന്റെ സിംഹഭാഗവും ഇതര സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രപൂളിൽനിന്നും ലഭിക്കുന്നതാണ്. പ്രതിദിനം 7 കോടി യൂണിറ്റ് വൈദ്യുതി കേരളം ഉപയോഗിക്കുന്നു. അതിൽ 5 കോടിയും പുറത്തുനിന്നുമുള്ളതാണ്.
ഈ വൈദ്യുതി പ്രസരണനഷ്‌ടം കുറച്ച് സുഗമമായി എത്തിക്കാൻ ഗ്രീൻ കോറിഡോറിലൂടെ കഴിയും. പുനരുപയോഗ സാധ്യതയുള്ള ഊർജസ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതി എത്തിച്ച് പരമാവധി കാർബൺ ബഹിർഗമനം പരമാവധി കുറയ്‌ക്കാനും സാധിക്കും എന്നതും മേന്മയാണ്.കൂടാതെ 66 കെവി ലൈൻ 110 കെവി ലൈനിലേക്ക് ഉയർത്തുന്നതിന് 100 കോടിയും വയനാട് പാക്കേജിലുണ്ട്.
നദീതീരങ്ങളിലൂടെ ലൈൻ വലിച്ച് കാർഷികമേഖലയിൽ ജലസേചനത്തിന് വൈദ്യുതി എത്തിക്കാനും പട്ടികവർഗ വകുപ്പ് മുഖേന വൈദ്യുതീകരണം നടപ്പാക്കാനും പദ്ധതികളുണ്ട്.