തളിക്കുളം:
ഇടപാടുകാരുടെ പണം പോസ്റ്റ് ഓഫിസിൽ അടക്കാതെ ലക്ഷങ്ങൾ തിരിമറി നടത്തിയ പരാതിയെ തുടർന്ന് ആർഡി ഏജൻറായ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി മുരളീധരനെ സിപിഎം ലോക്കൽ കമ്മിറ്റിയിൽനിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടി നിർദേശപ്രകാരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനവും ഇവർ രാജിവെച്ചു. ആർഡി ഏജൻറായ മിനി തളിക്കുളം പോസ്റ്റ് ഓഫിസിലാണ് പണമിടപാട് നടത്തിവന്നിരുന്നത്.
കോവിഡ് കാലത്തും നിരവധി ഇടപാടുകാരിൽനിന്ന് പണം വാങ്ങിയിട്ടും ഇവർ പല മാസങ്ങളിലായി പോസ്റ്റ് ഓഫിസിൽ അടക്കാതെ കൈവശം വെച്ച് തിരിമറി നടത്തുകയായിരുന്നു. മാസങ്ങളോളം വീഴ്ച വന്നതോടെ തപാൽ വകുപ്പ് വീഴ്ച വന്ന ഇടപാടുകാർക്ക് നോട്ടീസ് നൽകുകയായിരുന്നു. നോട്ടീസ് കൈപ്പറ്റിയവർ പോസ്റ്റ് ഓഫിസിൽ വന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
പണം മാസംതോറും ഏജൻറിന് നൽകിയിട്ടും ഇവർ പോസ്റ്റ് ഓഫിസിൽ അടക്കുകയോ രസീത് നൽകുകയോ ചെയ്തിട്ടില്ല. തട്ടിപ്പിനിരയായവർ കഴിഞ്ഞ ദിവസം പോസ്റ്റ് ഓഫിസിൽ എത്തി ബഹളവും വെച്ചു. തുടർന്ന് വകുപ്പിന് പരാതി അറിയിച്ചു.
നിരവധി പേരിൽനിന്ന് പണം വാങ്ങിയതായും വകുപ്പിന് ബോധ്യപ്പെട്ടു. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ബ്ലോക്ക് വൈസ് പ്രസിഡൻറുമായ മിനി തിരിമറി നടത്തിയതായ പരാതി പാർട്ടിക്ക് മുന്നിൽ വന്നതോടെയാണ് തളിക്കുളം ലോക്കൽ കമ്മിറ്റി അടിയന്തര യോഗം ചേർന്ന് ചർച്ചക്കൊടുവിൽ സസ്പെൻഡ് ചെയ്യാൻ തീരുമാനമെടുത്തത്.
പിന്നാലെ വെള്ളിയാഴ്ച ഉച്ചക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ എത്തിയ മിനി വൈസ് പ്രസിഡൻറ് സ്ഥാനം രാജിവെക്കുന്ന കത്ത് ബിഡിഒക്ക് നൽകി. എന്നാൽ, ബ്ലോക്ക് അംഗത്വം രാജിവെക്കാൻ തയാറായില്ല. തളിക്കുളം ഡിവിഷനിൽനിന്നാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്. വൈകീട്ട് ചേർന്ന യോഗത്തിൽ നാട്ടിക ഏരിയ കമ്മിറ്റി യോഗം സസ്പെൻഷൻ അംഗീകരിച്ചു. ആറ് മാസത്തേക്കാണ് സസ്പെൻഷൻ.