പത്തനംതിട്ട:
ഇരവിപേരൂര്‍ പഞ്ചായത്തിലെ വാര്‍ഡുതല ആരോഗ്യകേന്ദ്രത്തിൻ്റെ ഉദ്ഘാടനവും വാര്‍ഡ് ആരോഗ്യകേന്ദ്രങ്ങളുടെ ജില്ലതല ഉദ്ഘാടനവും വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പഴയകാവ് മോഡല്‍ അങ്കണവാടിയില്‍ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. ഇരവിപേരൂര്‍ പഞ്ചായത്തിൻ്റെ ഓരോ വാര്‍ഡിലെയും ജനങ്ങളുടെ ആരോഗ്യസ്ഥിതിയും ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടും വിലയിരുത്തുന്നതിനും പ്രാദേശിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും സഹായകരമായ കേന്ദ്രങ്ങളാണ് വാര്‍ഡ് ആരോഗ്യകേന്ദ്രങ്ങള്‍.
ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനായി എല്ലാ ജില്ലകളിലെയും ഒരു പഞ്ചായത്തിനെയാണ് തെരഞ്ഞെടുത്തിരുന്നത്. ഇതില്‍ പത്തനംത്തിട്ട ജില്ലയില്‍നിന്ന് ഇരവിപേരൂരാണ്. വാര്‍ഡ് അംഗം, ആശാ പ്രവര്‍ത്തക, അങ്കണവാടി വര്‍ക്കര്‍, കുടുംബശ്രീ എ ഡി എസ് അംഗം എന്നിവരടങ്ങുന്ന ടീമിന് പരസ്പരം ആശയവിനിമയം നടത്തുന്നതിനും പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും ഫീല്‍ഡ് വിസിറ്റ് ആവശ്യമായ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുമുള്ള പൊതുയിടമാണ് വാര്‍ഡ് ആരോഗ്യകേന്ദ്രം. ഇവര്‍ നാലുപേരുമായിരിക്കും ഈ കേന്ദ്രങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുക.
വാര്‍ഡ് ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്ത് സജ്ജമാക്കുകയും ആരോഗ്യകേരളം പത്തനംതിട്ട 10,20,000 രൂപയുടെ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും മറ്റു സാമഗ്രികള്‍ ഉള്‍പ്പെടെ നൽകുകയും ചെയ്തു. വാര്‍ഡുകളുടെ ഡേറ്റകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനായി ആശാപ്രവര്‍ത്തകര്‍ക്ക് ടാബും സിം കാര്‍ഡും നൽകിയിട്ടുണ്ട്.