Thu. Apr 25th, 2024
കോന്നി:

ജാക്കിൻ്റെ കുളമ്പടിശബ്ദം ഇക്കോ ടൂറിസം മേഖലയിലും വൈകാതെ മുഴങ്ങിക്കേൾക്കും. ആന സവാരിയും കുട്ടവഞ്ചി സവാരിയും ഉൾപ്പെടുന്ന, കോന്നി കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയിൽ കുതിര സവാരിയും ഉൾപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്‌ അരുവാപ്പുലം കുളത്തുമണ്ണിൽ രത്നഗിരിയിൽ ഷാൻ, ഷൈൻ സഹോദരന്മാർ.

ഇതിന്റെ ഭാഗമായി ഇരുവരും ചേർന്ന് ആരംഭിച്ചതാണ് മണ്ണുശേരി ഫാം. ആദ്യഘട്ടമെന്ന നിലയിൽ പാലക്കാട് തത്തമംഗലത്തുനിന്ന്‌ ആറു മാസം പ്രായമുള്ള കുതിരക്കുട്ടിയെ കൊണ്ടുവന്നു. ജാക്ക് എന്ന പേര് നൽകി പരിപാലിക്കുകയാണിവർ. ഇപ്പോൾ ജാക്കിന് 11 മാസം പ്രായമാണുള്ളത്.

സവാരി നടത്തണമെങ്കിൽ രണ്ടു വയസ് കഴിയണം. ജാക്കിന്‌ രണ്ടു വയസാകുമ്പോൾ ഒരു കുതിരയെക്കൂടി എത്തിച്ച് കുതിരവണ്ടിയും സജ്ജീകരിച്ച് മണ്ണുശേരി ബ്രദേഴ്സ് എന്ന പേരിൽ ടൂറിസം വികസനത്തിൽ പങ്കാളികളാകാനാണ് പ്രവാസികളായ ഷാനും ഷൈനും തീരുമാനിച്ചിരിക്കുന്നത്‌. ഷാൻ ഇപ്പോൾ ഫാമുമായി നാട്ടിലും ഷൈൻ സൗദിയിലുമാണ്.

ജാക്കിന് പരിശീലനം നൽകുന്നുണ്ട്. രാവിലെയും വൈകിട്ടും പറമ്പിൽ അരമണിക്കൂർ പരിശീലനം ഉണ്ട്. പരിശീലനം കഴിഞ്ഞ്‌ രാവിലെയും വൈകിട്ടും ഗോതമ്പ്, തവിട്, മുതിര, വേവിച്ച കടല എന്നിവയാണ് ആഹാരത്തിൽ ഉള്ളത്. ഉച്ചയ്ക്ക് വളർത്തുപുല്ലും കച്ചിയും കൊടുക്കും. കിളച്ചിട്ട പറമ്പിലാണ് നടത്തം. ജാക്ക് ചെറുപ്രായമായതിനാൽ ലാടം പിന്നീടു മാത്രമേ ഉറപ്പിക്കൂ.

ആനത്താവളം കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസം വിപുലമാക്കാൻ കോടികളുടെ പദ്ധതികൾ തയ്യാറാകുമ്പോൾ തങ്ങൾക്കും അതിൽ ഭാഗഭാക്കാകണമെന്ന ആഗ്രഹമാണ്‌ സഹോദരങ്ങൾക്ക്‌. ഫാം ടൂറിസമാണ് ലക്ഷ്യമിടുന്നത്. 50 സെന്റിലെ ഫാമിൽ വാഴ, കപ്പ, ചേന, കാച്ചിൽ എന്നീ കൃഷിയുണ്ട്. കൂടാതെ റബർ കൃഷിയുമുണ്ട്. നാടൻ കോഴി, മുയൽ, കാട എന്നിവയുംഫാമിൽ ഉണ്ട്. ഫാമിന്റെ പേരിൽ അടുത്ത ദിവസം തന്നെ കോഴിക്കട തുടങ്ങും.