തൊടുപുഴ:
മൂപ്പിൽക്കടവ് പാലത്തിനു സമീപം നോക്കുകുത്തിയായി നിന്നിരുന്ന ടോൾ ബൂത്ത് കാൽ നൂറ്റാണ്ടിനു ശേഷം പൊതുമരാമത്ത് അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ചു മാറ്റി. മൂപ്പിൽക്കടവ് കാഞ്ഞിരമറ്റം ബൈപാസിൽ റോഡിനു വീതി കൂട്ടി ടാറിങ് നടത്തിയെങ്കിലും കാൽ നൂറ്റാണ്ട് മുൻപ് മൂപ്പിൽക്കടവ് പാലം പണിത കാലത്ത് ടോൾ ബൂത്തിനായി റോഡരികിൽ സ്ഥാപിച്ച കെട്ടിടം അടഞ്ഞു കിടക്കുകയായിരുന്നു.
പാലത്തോടു ചേർന്ന് പഴയ കെട്ടിടം ജീർണാവസ്ഥയിൽ കാടു കയറി ഇരിക്കുന്നത് ഗതാഗത തടസ്സത്തിനും ഇടയാക്കുകയാണെന്നും റോഡിന്റെ സൗന്ദര്യത്തിനും ഇത് കോട്ടം തട്ടുകയാണെന്നും ചൂണ്ടിക്കാട്ടി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇത് സംബന്ധിച്ച് റസിഡൻസ് അസോസിയേഷനും പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇതെ തുടർന്നാണ് കെട്ടിടം പൊളിച്ചു നീക്കി റോഡിന്റെ വീതി കൂട്ടാൻ അധികൃതർ തയാറായത്. പാലം ഉദ്ഘാടനം ചെയ്ത 1996 ലാണ് ഇവിടെ പാലത്തിന്റെ നിർമാണ ചെലവ് ഈടാക്കാൻ ടോൾ പിരിവ് നടത്തുന്നതിനായി കെട്ടിടം പണിതത്.
എന്നാൽ പാലം ഉദ്ഘാടനം ചെയ്തതോടെ ടോൾ പിരിവിനെതിരെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ രംഗത്ത് വന്നതോടെ ഇത് വേണ്ടെന്നു വച്ചു. പിന്നീട് ഈ കെട്ടിടം കാടു കയറി കിടക്കുക ആയിരുന്നു. മാത്രമല്ല റോഡിന്റെ ടാറിങ്ങിനോടു ചേർന്ന് ജീർണാവസ്ഥയിൽ കെട്ടിടം ഇരിക്കുന്നത് ഗതാഗത തടസ്സത്തിനും ഇടയാക്കിയിരുന്നു.
ഏതായാലും കാൽ നൂറ്റാണ്ടായി ഗതാഗത തടസ്സത്തിന് ഇടയാക്കി നഗരത്തിലെ പ്രധാന റോഡിൽ ജീർണാവസ്ഥയിൽ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചു നീക്കിയ അധികൃതരെ നഗരവാസികൾ അനുമോദിച്ചു.