ഇരവിപുരം(ചിത്രം):
കേരളത്തിൻെറ യുവനിരക്ക് കരുത്തുപകരാൻ കൊല്ലൂർവിള സ്വദേശിനിയായ 17കാരിയും. അണ്ടർ-19 വനിത ക്രിക്കറ്റിൻെറ കേരള ടീമിലാണ് ഭരത് നഗർ സ്വദേശിയായ ഗോപിക ഗായത്രി ദേവി ബാറ്റ്സ്വിമനായി ഇടംപിടിച്ചത്.
വിമല ഹൃദയ ഗേൾസ് ഹൈസ്കൂളിൽ വിദ്യാർഥിനിയായിരിക്കെ, അത്ലറ്റിക് രംഗത്ത് മികച്ച താരമായിരുന്ന മിടുക്കി, റവന്യൂ ജില്ല അത്ലറ്റ് മീറ്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ജില്ലയിൽ ഒന്നാമതെത്തി. 2016ൽ കൊല്ലം-ആശ്രാമം ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ കിട്ടിയതിലൂടെയാണ് ക്രിക്കറ്റിലേക്ക് തിരിഞ്ഞത്.
തുടർന്നാണ് കോട്ടയം-മാന്നാനം അക്കാദമിയിലൂടെ ക്രിക്കറ്റിൽ പുതിയ പടവുകളിലേക്ക് കയറിയത്. ഇതിനിടെ, എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൽക്കും എ-പ്ലസും സ്വന്തമാക്കി. രാജ്യത്തിൻെറ ജഴ്സി അണിയുകയാണ് ഗോപികയുടെ അടുത്ത ലക്ഷ്യം.
കഴിഞ്ഞ ഏഴു മുതൽ വയനാട്ടിൽ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിനുശേഷം ഗോപിക ഉൾപ്പെട്ട കേരള ടീം അന്തർ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ വിശാഖപട്ടണത്തേക്ക് തിരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ മുഖ്യ പരിശീലകരായ എം രാജഗോപാൽ, ജസ്റ്റിൻ ഫെർണാണ്ടസ് എന്നിവരാണ് ടീമിനെ നയിക്കുന്നത്.
സാമ്പത്തിക പരാധീനതകൾക്കിടയിലും ഗോപികക്ക് പൂർണപിന്തുണയുമായി ഓട്ടോ ഡ്രൈവറായ പിതാവ് സുഗതനും അംഗൻവാടി അധ്യാപികയായ മാതാവ് ബീനയുമുണ്ട്. സഹോദരി ഗോപുര കോഴിക്കോട് വെസ്റ്റ് ഹിൽ എൻജിനീയറിങ് കോളജിൽ മൂന്നാം വർഷ വിദ്യാർഥിനിയാണ്.
ഗോപികയുടെ നേട്ടത്തിനു പിന്നിലെ ഭരത് നഗർ റസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകർ ഉൾപ്പെടെ നാട്ടുകാരുടെ പിന്തുണയും കുടുംബം എടുത്തുപറയുന്നു. ഭരത് നഗർ പ്രസിഡൻറ് എം ആർ മണിയുടെ നേതൃത്വത്തിൽ ഗോപികക്ക് തുടർന്നും എല്ലാവിധ പ്രോത്സാഹനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. മത്സരം കഴിഞ്ഞെത്തുന്ന ഗോപികക്ക് നഗർ കമ്മിറ്റി സ്വീകരണം നൽകും.