Fri. Nov 22nd, 2024

കാക്കനാട്

പണക്കിഴി വിവാദത്തെ തുടർന്നു തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാതെ തള്ളി. അവിശ്വാസം ചർച്ച ചെയ്യാനാവശ്യമായ ക്വോറം തികയാതിരുന്നതിനാലാണിത്. മേഖല മുനിസിപ്പൽ ജോയിന്റ് ഡയറക്ടർ അരുൺ രങ്കന്റെ അധ്യക്ഷതയിലാണു യോഗം തുടങ്ങിയത്.

യോഗത്തിനെത്തിയ കൗൺസിലർമാരുടെ ഹാജർ പരിശോധിച്ച ശേഷമാണ്  ക്വോറം ഇല്ലാത്തതിനാൽ യോഗം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചത്.  എൽഡിഎഫിന്റെ 17 കൗൺസിലർമാരും ഒരു സ്വതന്ത്രനും മാത്രമാണ് യോഗത്തിനെത്തിയത്. യുഡിഎഫിന്റെ  21 കൗൺസിലർമാരും 4 സ്വതന്ത്രരും വിട്ടുനിന്നു.

22 പേരാണ്  ക്വോറം തികയാൻ വേണ്ടിയിരുന്നത്. 10 മിനിറ്റ് കൊണ്ട് യോഗ നടപടികൾ അവസാനിപ്പിച്ചു.  43 അംഗ നഗരസഭയിൽ ഇരുമുന്നണികൾക്കും ഭൂരിപക്ഷമില്ല.

5 സ്വതന്ത്രരുടെ പിന്തുണയോടെയാണ് അജിത തങ്കപ്പൻ അധ്യക്ഷ പദവിയിലെത്തിയത്. ഇവരിൽ 4 പേർ അജിത തങ്കപ്പനൊപ്പം ഉറച്ചു നിന്നതോടെ അവിശ്വാസം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയത്തിന് എൽഡിഎഫ് നോട്ടിസ് നൽകിയതിനു ശേഷം കോൺഗ്രസിലും ലീഗിലും രൂപപ്പെട്ട പരസ്യ പ്രതിഷേധങ്ങളെ തുടർന്ന് അവിശ്വാസ പ്രമേയം പാസാകാനിടയുണ്ടെന്ന അഭ്യൂഹം ദിവസങ്ങളോളം  നിലനിന്നിരുന്നു.

ബുധനാഴ്ച രാത്രി യുഡിഎഫിലെ തർക്കങ്ങൾ പരിഹരിച്ചതോടെയാണ് അഭ്യൂഹങ്ങൾ അവസാനിച്ചതും പ്രമേയം പരാജയപ്പെടുമെന്നുറപ്പായതും. കോൺഗ്രസിലെ 4 കൗൺസിലർമാർ വിപ്പ് വാങ്ങാതെ മാറി നിന്നതും ലീഗിലെ 3 കൗൺസിലർമാർ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാതിരുന്നതുമാണു സ്ഥിതി വഷളാക്കിയത്.

അനുരഞ്ജന ചർച്ചകൾക്കൊടുവിലാണ് ഇവർ യുഡിഎഫിനൊപ്പം ഉറച്ചു നിൽക്കുമെന്നു പ്രഖ്യാപിച്ചത്. കോൺഗ്രസിലെ 16 കൗൺസിലർമാരും ലീഗിലെ 5 കൗൺസിലർമാരും വിപ്പ് ഏറ്റുവാങ്ങിയതോടെ പിരിമുറുക്കം അയഞ്ഞു.