Mon. Dec 23rd, 2024

പെരുമ്പളം ∙

ബോട്ട് സർവീസ് പ്രതിസന്ധിയിലാക്കി ദ്വീപിനു ചുറ്റുമുള്ള വേമ്പനാട് കായലിലെ ആഴക്കുറവ്. ജലഗതാഗത വകുപ്പിന്റെ പാണാവള്ളി ബോട്ട് സ്റ്റേഷനിലെ സർവീസുകൾക്കാണു ഈ ദുരവസ്ഥ. ബോട്ടുകൾ സർവീസ് നടത്തുന്നതിനായി 1.5 മീറ്റർ മുതൽ 2.5 മീറ്റർ ആഴം ആവശ്യമാണ്.

കായലിൽ വേലിയേറ്റ സമയത്തുപോലും ബോട്ട് സർവീസ് നടത്തുന്ന പല ഭാഗങ്ങളിലും കായലിൽ ഒരു മീറ്ററിൽ താഴെ മാത്രമാണ് ആഴം. കഴിഞ്ഞ ദിവസമാണു ന്യൂ സൗത്ത് ജെട്ടിക്കു സമീപമുള്ള മണൽത്തിട്ടയിൽ തട്ടി ജലഗതാഗത വകുപ്പിന്റെ എ 90 –ാം നമ്പർ ബോട്ട് തകരാറിലായത്. ഈ ഭാഗത്തുകൂടി ബോട്ട് ഓടിക്കുമ്പോൾ ബോട്ടിന്റെ പ്രൊപ്പല്ലർ, ഷാഫ്റ്റ്, ചുക്കായം എന്നിവ അടിത്തട്ടിൽ ഇടിച്ചു ബോട്ടുകൾ കേടാകുന്നു.

ഇതു മൂലം കായലിൽ യാത്രക്കാരുമായി ബോട്ടു കുടുങ്ങുന്നതായി യാത്രക്കാർ പറയുന്നു. കഴിഞ്ഞ ദിവസം നീറ്റിലിറക്കിയ കറ്റമരൻ ബോട്ട് സർവീസിനെയും ഈ ആഴക്കുറവു ഗുരുതരമായി ബാധിക്കുമെന്നാണ് ഇവർ പറയുന്നത്. കായലിന്റെ നടുക്ക് എൻജിൻ തകരാറിലായാൽ ജീവനക്കാർ ഏറെ പ്രയാസപ്പെട്ടാണു ബോട്ടുകൾ കരയ്ക്ക് എത്തിക്കുന്നത്.

വേലിയിറക്ക സമയത്തു ബോട്ട് ജെട്ടികൾക്കു സമീപം ആഴക്കുറവ് ഉണ്ടാകുമ്പോൾ ബോട്ട് അടുപ്പിക്കാൻ പോലും കഴിയില്ല. പൂത്തോട്ട – പെരുമ്പളം, തെക്കൻ പറവൂർ – പെരുമ്പളം, പെരുമ്പളം – പാണാവള്ളി റൂട്ടുകളിലാണ് അടിയന്തരമായി കായലിന്റെ ആഴം കൂട്ടേണ്ടത്.

ജലഗതാഗത വകുപ്പ് ബോട്ട് ജെട്ടികൾക്കു സമീപം കായലിന്റെ ആഴം കൂട്ടണമെന്ന ആവശ്യമുന്നയിച്ച് ഒട്ടേറെ തവണ ജലസേചന വകുപ്പിനു കത്തു നൽകിയിട്ടും  നടപടി ഉണ്ടായില്ലെന്നു യാത്രക്കാർ പറയുന്നു. ഉപ്പുത്തുരുത്തിനു സമീപവും മുക്കണ്ണഞ്ചിറ, മാർക്കറ്റ് ജെട്ടി, പുറവായ്, ഓടമ്പിള്ളി , ന്യൂ സൗത്ത് തുടങ്ങിയ ഭാഗങ്ങളിലെ മണ്ണു നീക്കം ചെയ്യണമെന്നു പെരുമ്പളം ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ്കെ. ആർ. സോമനാഥൻ പറഞ്ഞു.