Fri. Nov 22nd, 2024

ആലപ്പുഴ ∙

ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരിമരുന്ന് കുത്തിവയ്ക്കുന്ന യുവാക്കളിൽ ഹെപ്പറ്റൈറ്റിസ് സി രോഗം വ്യാപിക്കുന്നുവെന്നു പൊലീസ് റിപ്പോർട്ട്. പുന്നപ്ര മേഖലയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയ ചില യുവാക്കളെ പൊലീസ് കണ്ടെത്തി വൈദ്യ പരിശോധനയ്ക്ക് അയച്ചു.

നർകോട്ടിക് ആക്ട് പരിധിയിൽപ്പെടാത്ത ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിനാൽ ഇത്തരം സംഭവങ്ങളിൽ കേസെടുക്കാൻ കഴിയുന്നില്ലെന്നും പൊലീസ് പറയുന്നു. പിടിക്കപ്പെടാതിരിക്കാൻ, ലഹരി വിമുക്ത ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒഎസ്ടി പൗഡർ ആണ് പലരും ലഹരിക്കായി ഉപയോഗിക്കുന്നത്.

കൗമാരക്കാർ ഉൾപ്പെടെ ഇത്തരം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്നു പൊലീസ് കണ്ടെത്തി. ഓൺലൈനിലൂടെയാണ് പലരും വാങ്ങുന്നത്. ലഹരി വസ്തു ചൂടാക്കി ലായനിയാക്കി ഉമിനീരിനൊപ്പം ചേർത്ത് കുത്തിവയ്ക്കുന്നതായാണ് കണ്ടെത്തിയത്.

ലഹരി ഉപയോഗത്തിനു പിടിക്കപ്പെട്ട ചിലരിൽ ഹെപ്പറ്റൈറ്റിസ് സി ലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ അന്വേഷണത്തിലാണ് മറ്റു പലർക്കും സമാന അവസ്ഥ കണ്ടത്.കരളിനെ ബാധിക്കുന്ന ഈ രോഗത്തിന്റെ വൈറസ്, അണുനശീകരണം നടത്താത്ത സിറിഞ്ചുകളിലൂടെയാണ് ഒരാളിൽനിന്നു മറ്റുള്ളവരിലേക്കു വ്യാപിക്കുന്നത്.

പുന്നപ്ര മേഖലയിലെ ചില യുവാക്കളിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഇവർക്ക് വൈദ്യ പരിശോധന നടത്തേണ്ടതുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നവും സാമൂഹിക വിഷയവുമായതിനാൽ ജില്ലാ പൊലീസ് മേധാവിക്കു റിപ്പോർട്ട് നൽകും. ഈ മേഖലയിൽ കൂടുതൽ ബോധവൽക്കരണവും പരിശോധനകളും നടത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.