ചങ്ങനാശ്ശേരി:
മേഖലയിലെ റോഡുകള്‍ കുരുതിക്കളമാകുന്നു. മാസങ്ങൾക്കിടെ ചങ്ങനാശ്ശേരി ബൈപാസ്, എ സി റോഡ്, സെന്ട്രല്ജങ്ഷന്, പാലാത്ര, മോര്‍ക്കുളങ്ങര, വാഴൂര്‍ റോഡില്‍ തെങ്ങണ, ഇല്ലിമൂട്, പൂവത്തുംമൂട്, കൊച്ചുറോഡ് എന്നിവിടങ്ങളിൽ നിരവധി അപകടങ്ങളാണ് സംഭവിച്ചത്.
വാഹനാപകടം കുറക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി പൊലീസ് ആവർത്തിക്കുന്നുണ്ട്. ഇരുചക്ര വാഹനാപകടങ്ങളാണ് ഏറെയും. ഏറ്റവും ഒടുവിലത്തേതാണ് ചൊവ്വാഴ്ച പ്രതിശ്രുത വരനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത യുവതി കെ എസ് ആര് ടി സി ബസിനടിയില്‍പ്പെട്ട് മരിച്ചത്.
ബൈക്കിൻ്റെ ഹാന്‍ഡിലില്‍ ബസ് തട്ടിയതിനെത്തുടര്‍ന്നാണ് യുവതി ബൈക്കില്‍നിന്ന് വീണത്. മാമ്മൂട് കരിങ്ങണംചിറയില് സണ്ണി-ബിജി ദമ്പതികളുടെ ഏക മകളാണ് മരിച്ചത്.
ജൂലൈ നാലിന് വാഴൂര്‍ റോഡില്‍ ഇല്ലിമൂടിനു സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ഓഡിറ്റ് വകുപ്പ് ആലപ്പുഴ ജില്ല റിട്ട ഡെപ്യൂട്ടി ഡയറക്ടര്‍ മാടപ്പള്ളി പങ്കിപ്പുറം പുതുപ്പറമ്പില്‍ ഭഗവതി ചെട്ടിയാരുടെ മകന് പി ബി നടരാജന് (58) മരിച്ചു.
ഇതിനു 100 മീറ്റര്‍ മുന്നോട്ടു മാറിയാണ് ചൊവ്വാഴ്ചത്തെ സംഭവം. ജൂലൈ എട്ടിന് മാമ്മൂട് കൊച്ചുറോഡില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് മാമ്മൂട് ചൂരനോലി വീട്ടില്‍ ബിജിയുടെ മകന് അജിത്തും(22) മരിച്ചിരുന്നു.
ചങ്ങനാശ്ശേരി ബൈപാസില്‍ കഴിഞ്ഞ ജൂലൈ 28ന് യുവാക്കളുടെ ബൈക്ക് റേസിങ്ങിനെത്തുടര്ന്ന് മൂന്നുപേരാണ് മരിച്ചത്.
അപകടക്കണക്കുകളുടെ അടിസ്ഥാനത്തിൽ എം സി റോഡിൽ തുരുത്തി കാനാ മുതല്‍ പുന്നമൂട് വരെ ബ്ലാക്ക് സ്പോട്ട് പട്ടികയില്‍ റോഡ് സേഫ്റ്റി അതോറിറ്റി ഉൾപ്പെടുത്തിയിരുന്നു. എന്നാല്‍, വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാന്‍ സംവിധാനമില്ല.
ബ്ലാക്ക് സ്പോട്ടായ തുരുത്തി പ്രദേശത്ത് അധികൃതര്‍ എത്രയും വേഗം കൂടുതല്‍ വെളിച്ചവും റിഫ്ലക്ടറുകളും സിഗ്നല്‍ ലൈറ്റുകളും നിരീക്ഷണ കാമറകളും സ്ഥാപിക്കണം. അതിനിടെ, കൊല്ലം തേനി എന്‍ എച്ച് ബൈപ്പസിൻ്റെ കീഴിലെ ചെങ്ങന്നൂര്‍ മുതല്‍ കോട്ടയം ഐഡ ജങ്ഷന് വരെ എംസി റോഡിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചിട്ടുണ്ട്. കാല്‍നടക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും അപകടങ്ങള്‍ കുറക്കാനും ഉപകരിക്കുമെന്ന് അധികൃതർ പറഞ്ഞു.