ഒറ്റപ്പാലം∙
ചികിത്സാരംഗത്ത് ആധുനിക സാങ്കേതിക സംവിധാനങ്ങൾ വിപുലീകരിച്ചു താലൂക്ക് ആശുപത്രി. അരക്കോടിയിലേറെ രൂപ ചെലവഴിച്ച് ഒരുക്കിയ സംവിധാനങ്ങൾ കെ. പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്രോങ്കോസ്കോപി, എൻഡോസ്കോപി സംവിധാനങ്ങൾ, അൾട്രാസൗണ്ട് സ്കാനിങ് മെഷീൻ, പ്രസവ ചികിത്സാ വിഭാഗത്തിൽ ലേബർ സ്വീറ്റ് സൗകര്യം, മോർച്ചറിയിൽ ഫ്രീസറുകൾ എന്നിവയാണു പ്രവർത്തനസജ്ജമായത്.
കാൻസർ ഉൾപ്പെടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കണ്ടെത്താനുള്ള സംവിധാനമാണ് ബ്രോങ്കോസ്കോപി. നഗരസഭ അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണിതു സജ്ജമാക്കിയത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഒരുക്കിയ ആധുനിക ചികിത്സ സംവിധാനങ്ങൾ കെ. പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഉദരസംബന്ധമായ ഗുരുതര അസുഖങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന എൻഡോസ്കോപി സംവിധാനം ഒരുക്കുന്നതിനു 17 ലക്ഷം രൂപയായിരുന്നു ചെലവ്. എൻഎച്ച്എം ഫണ്ടിൽ നിന്നുള്ള 15 ലക്ഷം രൂപ വിനിയോഗിച്ചാണു അൾട്രാസൗണ്ട് സ്കാനിങ് മെഷീൻ സജ്ജമാക്കിയത്. പ്രസവ ചികിത്സ വിഭാഗത്തിൽ ഗർഭിണികളുടെ കിടപ്പും ഡോക്ടർമാരുടെ പരിചരണവും അനായസമാക്കാൻ കഴിയുന്ന കട്ടിലും കിടക്കയുമാണ് ലേബർ സ്വീറ്റ്.
ഡോ. കെ.പി.എസ്. മേനോന്റെ സ്മരണയ്ക്കായി 3 ലക്ഷത്തോളം രൂപ ചെലവഴിച്ചു കുടുംബാംഗങ്ങൾ സമർപ്പിച്ചതാണിത്. മോർച്ചറിയിൽ ഫ്രീസറുകളുടെ എണ്ണം ഒന്നിൽ നിന്ന് അഞ്ചായി വർധിപ്പിച്ചു. പുതിയ രണ്ടെണ്ണം വാങ്ങിയും തകരാറിലായിരുന്ന പഴയ 2 ഫ്രീസറുകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനസജ്ജമാക്കിയുമാണു സൗകര്യം വിപുലീകരിച്ചത്.
യോഗത്തിൽ നഗരസഭാധ്യക്ഷ കെ. ജാനകീദേവി അധ്യക്ഷയായി. ഉപാധ്യക്ഷൻ കെ. രാജേഷ്, കൗൺസിലർ പി. കല്യാണി, ആശുപത്രി സൂപ്രണ്ട് ഡോ. ടി.ജി. നിഷാദ്, കെ.ആർ. ശ്രീലത, വേലുമണി എന്നിവർ പ്രസംഗിച്ചു.