Sat. Apr 20th, 2024

ചാരുംമൂട്∙ 

നൂറനാട് ലെപ്രസി സാനറ്റോറിയത്തിലെ ഓക്സിജൻ പ്ലാന്റിന്റെ ഉദ്ഘാടനം താളം തെറ്റുന്നു. ആരോഗ്യമേഖലയിലെ രാജ്യാന്തര സംഘടനയായ ഡോക്ടേഴ്സ് ഫോർ യു വഴിയായിരുന്നു കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിന്  സാനറ്റോറിയത്തിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്.   ആവശ്യമായ കെട്ടിടം അടിയന്തിരമായി തന്നെ താമരക്കുളം പഞ്ചായത്തിനെക്കൊണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചു.

4.30ലക്ഷം രൂപ മുടക്കി അടിത്തറ വരെ നിർമിച്ചിട്ടുണ്ട്. പ്ലാന്റ് സ്ഥാപിച്ചെങ്കിൽ മാത്രമേ മേൽക്കൂര നിർമിക്കാൻ കഴിയുകയുള്ളു. 20 ദിവസത്തിനുള്ളിൽ പ്ലാന്റ് ഉദ്ഘാടനം ചെയ്യണമെന്നുള്ള ജില്ലാ ഭരണകൂടത്തിന്റെ അടിയന്തിര നിർദേശത്തെ തുടർന്നായിരുന്നു പ്ലാന്റ് സ്ഥാപിക്കാനുള്ള കെട്ടിട നിർമാണം വേഗത്തിൽ പഞ്ചായത്ത് പൂർത്തീകരിച്ചത്.‌

ഒന്നരമാസം മുൻപ്തന്നെ  പുണെയിൽ നിന്ന് പ്ലാന്റിൽ സ്ഥാപിക്കാനുള്ള കംപ്രസർ എത്തിച്ചിരുന്നു. ഇതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ‌ ഡന്മാർക്കിൽ നിന്നു മറ്റ് പ്രധാന ഭാഗങ്ങളും എത്തിച്ചിരുന്നു. 12.5 ലക്ഷം രൂപ ചെലവിൽ കട്ടിലുകളിലേക്കുള്ള ഓക്സിജൻ പൈപ്പുകൾ  എത്തിച്ചിട്ടുണ്ട്.

100 കിടക്കകളിലേക്ക് ഒരേ സമയം ഓക്സിജൻ എത്തിക്കുന്നതിനുള്ള പ്ലാന്റായിരുന്നു സ്ഥാപിക്കുന്നത്. 1.3 കോടി രൂപയാണ് പ്ലാന്റിന് മാത്രമുള്ള വില.  സാനറ്റോറിയത്തിൽ 22 കോടി രൂപ മുടക്കി പുതിയതായി നിർമ്മിക്കുന്നതും നിർമാണം പൂർത്തീകരിച്ചതുമായ ഒരു ബ്ലോക്കിലായിട്ടാണ് കോവി‍ഡ് രോഗികൾ‌ക്ക് വേണ്ടി പ്രത്യേക സജ്ജീകരണം ഒരുക്കിയത്.

ഈ ബ്ലോക്കിൽ തന്നെ ഐസിയു സംവിധാനവും ഏർ‌പ്പെടുത്തിയിരുന്നു. ഇതിന് വേണ്ടിയുള്ള 25 കിടക്കകളും നേരത്തേ തന്നെ എത്തിച്ചിട്ടുണ്ട്. എന്നാൽ‌ വൈദ്യുതീകരണം സംബന്ധിച്ചുണ്ടായ ചില സാങ്കേതിക കാരണങ്ങളാലാണ് പ്ലാന്റിന്റെ ഉദ്ഘാടനം വൈകുന്നതെന്നാണ് ഒരുമാസം മുൻപ് അധികൃതർ  പറഞ്ഞിരുന്നത്.