ഉപ്പുതറ:
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം പഠിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കണ്ണംപടി ആദിവാസി മേഖലയിലെ വിദ്യാർഥികൾക്ക് വീട്ടിലെത്തി ട്യൂഷൻ നൽകി വനം വകുപ്പ് ഉദ്യോഗസ്ഥർ. മൊബൈൽ നെറ്റ്‌വർക് ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്കാണ് വനം വകുപ്പ് കിഴുകാനം സെക്‌ഷൻ ഓഫിസിലെ ഉദ്യോഗസ്ഥർ കൂട്ടാകുന്നത്.
കണ്ണംപടി ഗവ ഹൈസ്‌കൂളിലെ പത്താംക്ലാസിൽ പഠിക്കുന്ന 16 കുട്ടികൾക്കാണ് ഉദ്യോഗസ്ഥർ ട്യൂഷൻ എടുക്കുന്നത്. 5 മാസം മുൻപ് കിഴുകാനം സെക്‌ഷൻ ഫോറസ്റ്ററായി ചുമതലയേറ്റ വി.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം.
കണ്ണംപടി മേഖലയിലെ 12 ആദിവാസി കുടികളിൽ നിന്നുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത് യഥാസമയം പഠനം പൂർത്തിയാക്കാൻ കഴിയുന്നില്ലെന്ന കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു. അതോടെയാണ് കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കാൻ തീരുമാനിച്ചത്.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടികളുടെ വീടുകളിൽ എത്തി ക്ലാസ് എടുക്കാൻ തുടങ്ങി. ഓരോ പ്രദേശത്തുമുള്ള ഏതാനും കുട്ടികളെ ഒരു വീട്ടിൽ ഒരുമിച്ചു കൂട്ടിയാണ് ദിവസവും ഒരു വിഷയം വീതം പഠിപ്പിക്കുന്നത്.
വനപാലകർക്കൊപ്പം മറ്റു ചിലരും കുട്ടികളെ സൗജന്യമായി പഠിപ്പിക്കാൻ എത്തുന്നുണ്ട്. ഈ സൗജന്യ സേവനം തുടങ്ങിയിട്ട് 4 മാസമായി. ഓൺലൈൻ പഠനത്തെക്കാൾ മെച്ചമായി പാഠഭാഗങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്ന് വിദ്യാർഥികളും പറയുന്നു.