Tue. Apr 23rd, 2024
മുട്ടം:

ലൈഫ് ഭവന പദ്ധതിയിലേക്ക്​ അപേക്ഷകൾ സ്വീകരിച്ചെങ്കിലും സർക്കാറി​ൻെറ ഭാഗത്തുനിന്നും തുടർ നടപടികൾ ഉണ്ടാവാത്തതിനാൽ പദ്ധതി അനിശ്ചിതത്വത്തിലായി. ഫെബ്രുവരി 20 വരെ ഓൺലൈൻ വഴിയായിരുന്നു അപേക്ഷകൾ സ്വീകരിച്ചത്.

മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടികൾ ഉണ്ടാവാത്തതിനെത്തുടർന്ന് അപേക്ഷകർ പഞ്ചായത്ത്​ ഓഫിസുകൾ കയറി ഇറങ്ങുകയാണ്​. ആയിരക്കണക്കിന് പേരാണ്​ അന്വേഷിക്കാനായി ഓരോ പഞ്ചായത്തിലും എത്തുന്നത്​. ജില്ലയിൽ മാത്രം 42000 ത്തിൽ അധികം അപേക്ഷകരുണ്ട്​. ഇതിൽ 29000 ത്തോളം പേർ ഭൂമിയുള്ള ഭവന രഹിതരും 13000 ത്തോളം പേർ ഭൂരഹിത ഭവന രഹിതരുമാണ്.

ഫെബ്രുവരിയിൽ അപേക്ഷ സ്വീകരിക്കൽ പൂർത്തിയായശേഷം മാർച്ചിൽ പഞ്ചായത്തുകളോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ ഫീൽഡ് തല അന്വേഷണം നിർത്തി വെക്കാൻ ഉത്തരവ് ഇറങ്ങി.

സർക്കാറിൽനിന്ന്​ നിർദേശം ലഭിച്ചാൽ മാത്രമെ അപേക്ഷകളിൽ തുടർനടപടി സ്വീകരിക്കാൻ പഞ്ചായത്തുകൾക്ക് സാധിക്കുകയുള്ളു. ഭവന പദ്ധതികളെ ഗവൺമൻെറ്​ ലൈഫ് മിഷനിൽ മാത്രമായി ഏകീകരിച്ചതോടെ പഞ്ചായത്തുകൾക്ക് നിസ്സഹായരായി നിൽക്കാനെ സാധിക്കുന്നുള്ളു.

ലൈഫ് മിഷനിൽ ഓൺലൈനായി അപേക്ഷിച്ചവരിൽ അർഹരെ കണ്ടെത്തുന്നതിന് പഞ്ചായത്തുകൾക്ക്​ ഗവൺമൻെറ്​ നിർദേശം നൽകണമെന്ന്​ ആവശ്യപ്പെട്ട് മുട്ടം പഞ്ചായത്ത് ക്ഷേമകാര്യ സ്​ഥിരം സമിതി അധ്യക്ഷൻ അഡ്വ അരുൺ ചെറിയാൻ പൂച്ചക്കുഴി മുഖ്യമന്ത്രിക്ക് പരാതി നൽകി.