Fri. Apr 26th, 2024
ഗൂഡല്ലൂർ:

കാടിറങ്ങിയ കടുവയുടെ ശല്യത്തിൽ സഹികെട്ട കർഷകർ ഊട്ടി- മൈസൂരു റോഡ് ഉപരോധിച്ചു. ഇന്നലെ പുലർച്ചെ ശ്രീമധുര ചേമുണ്ടിയിൽ ഏലിയാമ്മയുടെ തൊഴുത്തിലെ പശുക്കിടാവിനെ കടുവ പിടിച്ചു. കഴിഞ്ഞ ദിവസം കടുവയെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഉറപ്പു നൽകിയതാണ്.

ഇന്നലെ രാവിലെ പശു കിടാവിന്റെ ജഡവുമായി നാട്ടുകാർ മാക്കംമൂലയിലെ ഡിഎഫ്ഒ ഓഫിസിനു മുൻപിൽ സമരം നടത്തി. തീരുമാനമാകാത്തതിൽ പ്രതിഷേധിച്ച് 11 മണിയോടെ നാട്ടുകാർ ഊട്ടി- മൈസൂരു റോഡ് ഉപരോധിച്ചു. ഒരു മണിക്കൂറിനു ശേഷം അധികൃതർ നടത്തിയ ചർച്ചയിലും വനം വകുപ്പിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ല.

തുടർന്ന് തൊറപള്ളിയിലെ മുതുമല കടുവ സങ്കേതത്തിന്റെ പ്രവേശന കവാടത്തിലെ ചെക്ക് പോസ്റ്റിൽ ദേശീയ പാത 1 മണി മുതൽ ‍ ഉപരോധിച്ചു. വൈകിട്ടോടെ മുതുമല കടുവ സങ്കേതം ഫീൽഡ് ഡയറക്ടർ വെങ്കിടേഷ്, ഡിഎഫ്ഒ കൊമ്മു ഓംകാർ, ഗൂഡല്ലൂർ എംഎൽഎ പൊൻ ജയശീലൻ , ശ്രീമധുര പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ, വൈസ് പ്രസിഡന്റ് റെജി മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കടുവയെ കൂടുവച്ചു പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും നാട്ടിലുള്ള കാട്ടാനയെ വനത്തിലേക്ക് തുരത്താനായി താപ്പാനകളെ കൊണ്ടുവരുമെന്നും ഉറപ്പ് നൽകിയതോടെ ഉപരോധ സമരം അവസാനിപ്പിച്ചു.

സമരത്തെ തുടർന്ന് ദേശീയ പാത 6 മണിക്കൂറോളം സ്തംഭിച്ചു. അപകടകാരിയായ കടുവയെ കൂട് വച്ച് പിടികൂടണമെന്നുള്ള നാട്ടുകാരുടെ ആവശ്യം വനം വകുപ്പ് അവഗണിച്ചതാണ് പ്രതിഷേധം ശക്തമാകാൻ കാരണമായത്. സമരസമിതി കൺവീനർ ഏബ്രഹാം, സി കെ മണി, എ ജെ തോമസ്, മേലോത്ത് ബാബു, ജോർജ്കുട്ടി, കെ വി ജോസഫ് എന്നിവർ പ്രസംഗിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘം വനിതാ സ്വാശ്രയ സംഘം പ്രവർത്തകരും സമരത്തിൽ പങ്കെടുത്തു.

ശ്രീമധുര പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളും വന്യമൃഗ ശല്യം രൂക്ഷമാണ്. കോയമ്പത്തൂർ ഭാഗത്ത് നാട്ടിലിറങ്ങി കൃഷി നാശവും ആൾ നാശവും വരുത്തിയ വിനായകൻ എന്ന കാട്ടാനയെ പിടികൂടി മുതുമലയിലാണ് തുറന്നു വിട്ടത്. ഈ ആനയും ഇന്ന് ശ്രീമധുരയിലാണ് താമസം വിനായകൻ ആനയുടെ ആക്രമണത്തിൽ ഇവിടെ 2 പേർ കൊല്ലപ്പെട്ടിരുന്നു.

എന്നാൽ ഈ ആന വനത്തിനു പുറത്ത് ഇറങ്ങാറില്ലന്നാണ് വനം വകുപ്പ് പറയുന്നത്. ഇതിനിടയിലാണ് നാട്ടിൽ കടുവ ഇറങ്ങിയത് 10 വയസ്സുള്ള കടുവ കാട്ടിൽ ഇര തേടാനാവാതെയാണ് നാട്ടിലെത്തിയത്.പകൽ നേരങ്ങളിലും ഈ കടുവയെ കണ്ടവരുണ്ട്.

മസിനഗുഡിക്കടുത്ത് ഗോത്ര വനിതയെ കൊലപ്പെടുത്തിയ കടുവയാണിതെന്ന് സംശയമുണ്ട്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങളിൽ നിന്നാണ് ഇത് വ്യക്തമായത്. കടുവയെ ഭയന്നാണ് ജനങ്ങൾ ഇവിടെ ജീവിക്കുന്നത്.

വന്യ മൃഗങ്ങളിൽ നിന്നും ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാത്ത അവസ്ഥയാണ് . ചില പരിസ്ഥിതി സംഘടനകളുടെ നിർദേശമനുസരിച്ചാണ് വനം വകുപ്പ് പ്രവർത്തിക്കുന്നതെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്.