Wed. Jan 22nd, 2025
കൊല്ലം:

കൊവിഡ് കാലത്തു നിർത്തിവച്ച കൊല്ലം–ആലപ്പുഴ ബോട്ട് സർവീസ് പുനരാരംഭിക്കാൻ തടസ്സമായി കായലിലെ എക്കൽ. ആദ്യ ലോക് ഡൗൺ കാലത്ത് നിർത്തിയതാണ് ബോട്ട് സർവീസ്. സർവീസ് പുനരാരംഭിക്കുന്നതിനായി ജലഗതാഗത വകുപ്പ് നടത്തിയ പരീക്ഷണ ഓട്ടത്തിൽ ബോട്ട് പലഭാഗത്തും എക്കലിൽ അടിഞ്ഞു നിന്നു.

ജലപാതയിലെ എക്കൽ നീക്കണമെന്നാവശ്യപ്പെട്ട് ജലഗതാഗത വകുപ്പ് ജലസേചന വകുപ്പിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എക്കൽ നീക്കുന്നതിലെ കാലതാമസമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അഷ്ടമുടി, നീണ്ടകര, കായംകുളം,തോട്ടപ്പള്ളി തോട്, കരുമാടി തോട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വലിയ രീതിയിൽ എക്കൽ അടിഞ്ഞിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

മറ്റ് സർവീസുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കുമരകം –ആലപ്പുഴ ബോട്ടിൽ ഞായറാഴ്ച വരെയുള്ള എസി, നോൺഎസി ടിക്കറ്റുകൾ തീർന്നു. കൊല്ലം–ആലപ്പുഴ ബോട്ട് സർവീസും ലാഭത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

3 കായലുകളെ ബന്ധിപ്പിച്ച് ദിവസവും രാവിലെ 10.30നു കൊല്ലത്തു നിന്നും ആലപ്പുഴയിൽ നിന്നും യാത്ര ആരംഭിക്കുന്ന രീതിയിലായിരുന്നു സർവീസ്. 8 മണിക്കൂ൪ ദൈ൪ഘ്യമുള്ള ഉല്ലാസ യാത്രയിൽ സ്വദേശികളും വിദേശികളും ഉണ്ടായിരുന്നു.

യാത്രക്കാർക്ക് ഭക്ഷണം ഒരുക്കിയിരുന്ന റസ്റ്ററന്റുകൾ ആരംഭിക്കാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ആലപ്പുഴ–കുമരകം ബോട്ട് സർവീസിൽ ഇപ്പോൾ കുടുംബശ്രീയാണ് ഭക്ഷണം നൽകുന്നത്. തൃക്കുന്നപ്പുഴ ലോക്ക് ഗേറ്റിന്റെ പണി പൂർത്തിയാകാത്തതും സർവീസ് നടത്തുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.