ചവറ:
കൊവിഡ് കാലത്ത് ചവറയിലെ ആശുപത്രികളിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് അഴിമതിയിലൂടെ പുതിയ ജീവനക്കാരെ നിയമിക്കാൻ ശ്രമിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുവാക്കളുടെ പ്രതിഷേധമിരമ്പി.
ഡിവൈ എഫ്ഐ ചവറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയത്. ചവറയിലെയും തെക്കുംഭാഗത്തെയും സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലെയും താലൂക്കാശുപത്രിയായ ഫൗണ്ടേഷൻ ആശുപത്രിയിലെയും താൽക്കാലിക ജീവനക്കാരെ പുറത്താക്കിയിട്ട് പകരം യുഡിഎഫുകാരനായ പ്രസിഡന്റിന്റെ ബന്ധുക്കളെയും യുഡിഎഫുകാരുടെ അടുപ്പക്കാരെയും നിയമിക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്.
ജില്ലാ സെക്രട്ടറി എസ് ആർ അരുൺ ബാബു ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മനീഷ് അധ്യക്ഷനായി. എൽ ലോയിഡ്, ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ, ആർ രവീന്ദ്രൻ, കെ എ നിയാസ്, സി രതീഷ് എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനകത്ത് നടന്ന ജനപ്രതിനിധികളുടെ പ്രതിഷേധത്തിന് ബ്ലോക്ക് പഞ്ചായത്തംഗം സി രതീഷ് നേതൃത്വം നൽകി. തുടർന്ന് ചവറ സിഐ എ നിസാമുദീന്റെ നേതൃത്വത്തിൽ പൊലീസെത്തി നേതാക്കളുമായി സംസാരിച്ച് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയ നിയമനങ്ങൾ അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.