Thu. Dec 19th, 2024
പരവൂർ:

കാണാതായ വളർത്തു പൂച്ചയെ കണ്ടെത്തി തിരികെ ഏൽപിക്കുന്നവർക്ക് അൻപതിനായിരം രൂപ പ്രതിഫലവുമായി ഉടമ. പുത്തൻകുളം ദേവരാജ വിലാസം എൽപി സ്കൂളിനു സമീപം യുക്തി നിലയത്തിൽ സുരേഷ് ബാലകൃഷ്ണനാണ് നഷ്ടപ്പെട്ട തന്റെ പേർഷ്യൻ പൂച്ചയെ എന്തു വില കൊടുത്തും തിരികെ നേടാൻ ശ്രമം നടത്തുന്നത്.

ശനി രാവിലെ മുതലാണ് സുരേഷ് ബാലകൃഷ്ണന്റെ കുടുംബത്തിന്റെ ഓമനയായ 4 വയസ്സുള്ള ‘സാശ’ എന്ന പേർഷ്യൻ‍ ഡോൾ ഫെയ്സ് ഇനത്തിൽപ്പെട്ട വളർത്തു പൂച്ചയെ കാണാതാവുന്നത്.

അന്നു രാവിലെ പ്രഭാത സവാരിക്കിറങ്ങുമ്പോഴും സുരേഷ് സാശയെ കണ്ടതാണ്. സുരേഷും കുടുംബവും ബെംഗളൂരുവിലാണ് താമസം. ഓണത്തിനു നാട്ടിലെത്തിയതാണ് ഇവർ. ബെംഗളൂരുവിൽ മറ്റൊരു കുടുംബത്തിന്റെ പക്കൽ നിന്നു വാങ്ങിയതാണ് സാശയെ.

പേർഷ്യൻ പൂച്ചകളുടെ കുഞ്ഞിനു പതിനായിരങ്ങൾ വിലയുണ്ട്. സുരേഷിന്റെ മൂത്ത മകൻ തേജസിനോടായിരുന്നു സാശയ്ക്ക് കൂടുതൽ അടുപ്പം. ഭാര്യ സുജാതയ്ക്കും ഇളയ മകൻ പ്രിഥ്വിക്കും സാശ പ്രിയപ്പെട്ടവൾ തന്നെ. പരവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

പത്രപ്പരസ്യവും നൽകി. പരിചയമില്ലാത്ത സ്ഥലത്ത് അകപ്പെട്ടു പോയതോ ആരെങ്കിലും കൈവശമാക്കിയതോ ആവാം എന്നാണ് കരുതുന്നത്. പരവൂർ, പാരിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ പെറ്റ് ഷോപ്പുകളിലും വിവരം അറിയിച്ചിട്ടുണ്ട്.

കുടുംബത്തിലുള്ളവർ അല്ലാതെ ആരു ഭക്ഷണം നൽകിയാലും സാശ കഴിക്കാറില്ല. വീട്ടിലെ ഒരംഗത്തെ പോലെ വളർത്തിയ സാശയെ തിരികെ കിട്ടുന്ന ദിവസവും കാത്തിരിക്കുകയാണ് ഈ കുടുംബം.