Thu. Apr 25th, 2024
കഴക്കൂട്ടം:

കോവിഡ് കാലത്ത് മാരകമായ വർഗ്ഗീയ വൈറസ് പടർത്താൻ ശ്രമം നടക്കുന്നതായി നിയമസഭാ സ്പീക്കർ എം ബി രാജേഷ്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 94ാമത് ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്​പീക്കർ.

അപരമത ദ്വേഷമുണ്ടാക്കുന്ന വാക്കുകൾ ആരിൽ നിന്നും ഉണ്ടാകാൻ പാടില്ല. മതത്തെ രാഷ്ട്രീയമായി അണിനിരത്തലാണ് വർഗീയത. രാഷ്ട്രീയ അധികാരത്തിന് മതത്തെ ദുരുപയോഗം ചെയ്യുന്നതാണ് വർഗീയത.

വർഗീയത മതവിശ്വാസമല്ല. മത വിശ്വാസവും വർഗീയതയും തമ്മിൽ ബന്ധമില്ല. മതാതീതമായ ആത്മീയതയെ വിശ്വസിച്ചയാളാണ് ശ്രീനാരായണ ഗുരു.

എന്നാൽ മതഭേദ നിഷേധമായിരുന്നു ഗുരുവെന്ന് സ്പീക്കർ ഓർമ്മിപ്പിച്ചു. വർഗീയവാദികളിൽ പലരും വിശ്വാസികളല്ല. യഥാർത്ഥ വിശ്വാസികൾ ഒരിക്കലും വർഗീയവാദികൾ ആവുകയുമില്ല.

മതരാഷ്ട്രമായി, മതതീവ്രവാദമായി, മതമൗലിക വാദമായി ഈ വൈറസുകൾ നമ്മുടെ നാട്ടിൽ വ്യാപിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. കൊറോണയ്ക്കെതിരെയായി നാം വാക്സിനേഷൻ എടുക്കുന്നത് എങ്ങനെയാണോ അതുപോലെ വർഗീയ വൈറസിനെതിരെയുള്ള ഏറ്റവും ഫലപ്രദ

മായ വാക്സിൻ ശ്രീനാരാണ ഗുരുദേവ ദർശനങ്ങളാണെന്ന് നാം തിരിച്ചറിയണമെന്ന് സ്പീക്കർ ഓർമ്മിപ്പിച്ചു. കൊറോണയെ തുരത്താൻ സോഷ്യൽ ഡിസ്റ്റൻസ് പാലിക്കുന്നതുപോലെ ഈ വർഗീയ വൈറസിനെയും മാറ്റി നിർത്തി ഇല്ലായ്മ ചെയ്യാൻ ഗുരുദർശനമെന്ന പ്രതിരോധ മരുന്ന് പ്രചരിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.