Sat. Nov 16th, 2024
‌തിരുവനന്തപുരം:

കേരളത്തിന്റെ വൈവിധ്യമാർന്ന കലാരൂപങ്ങൾ ഉൾപ്പെടുത്തിയ മഴമിഴി ഓൺലൈൻ മെഗാ സ്ട്രീമിങ് ദൈനംദിനം കാണുന്നത്‌ 25 ലക്ഷത്തിലേറെ പേർ. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ലോകമലയാളി സംഘടനകളുടെയും വെബ്‌ പേജുകളിലൂടെയാണ്‌ ലോകത്താകെ ഇത്രയേറെ പേർ ദിവസവും കലോത്സവത്തിന്റെ ഭാഗമാകുന്നത്‌.

samskarikam.org, https://www.facebook.com/samskarikam.org എന്നീ വെബ് പേജുകളിലാണ്‌ കാഴ്‌ചക്കാരിലേറെയും. ദിവസവും രാത്രി ഏഴുമുതൽ ഒമ്പതുവരെയാണ് പരിപാടി.

കോവിഡിൽ പ്രതിസന്ധിയിലായ കലാ സമൂഹത്തിന് ഉണർവും കൈത്താങ്ങുമേകാനാണ് സംസ്ഥാന സർക്കാർ മഴമിഴി ആശയം ആവിഷ്‌കരിച്ചത്‌.

സാംസ്‌കാരിക വകുപ്പ്, ചലച്ചിത്ര, ഫോക്‌ലോർ, ലളിതകലാ, സംഗീത നാടക അക്കാദമികൾ, ഗുരുഗോപിനാഥ് നടനഗ്രാമം എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ്‌ ആശയം പ്രാവർത്തികമാക്കിയത്‌. ഭാരത് ഭവൻ മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിങ്‌ ലോക മലയാളികൾക്കുമുന്നിൽ പ്രാവർത്തികമാക്കി.

ജീവ കാരുണ്യ ദിനമായ ആഗസ്‌ത്‌ 28 ന്‌ തുടക്കമിട്ട സ്‌ട്രീമിങ്‌ കേരള പിറവി ദിനംവരെ 65 ദിവസത്തെ കലാസ്വാദന അവസരമൊരുക്കുന്നു. ഒപ്പം കോവിഡിൽ പകച്ചുപോയ കലാകാരൻമാർക്ക്‌ വേദിയും വരുമാനവുമൊരുക്കി കൈത്താങ്ങാകുന്നു. നൂറ്റമ്പതോളം കലാരൂപങ്ങളിലായി 3500ൽപ്പരം കലാ സംഘങ്ങളുടെ അവതരണങ്ങളാണ് സാംസ്കാരിക വകുപ്പ് ഒരുക്കുന്നത്.