Fri. Apr 19th, 2024
ഞീഴൂർ:

ഒരു നാടിന്റെ സ്വപ്നം സാക്ഷാത്കരിച്ച് ‘ഒരുമ’. ഞീഴൂർ മാന്താറ്റ് കുന്നിലെ 23 കുടുംബങ്ങൾക്ക് റോഡായി. എട്ടാം വാർഡിലാണ് ഞീഴൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരുമ ചാരിറ്റബിൾ സൊസൈറ്റി പണം നൽ‌കി സ്ഥലം വാങ്ങി റോഡ് നിർമിച്ചു നൽകിയത്.

വർഷങ്ങളായി രണ്ടടി പോലും വീതിയില്ലാത്ത തൊണ്ടിൽ കൂടി ആയിരുന്നു 23 കുടുംബങ്ങളുടെ യാത്ര. റോഡ് എന്ന ആവശ്യമായി ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെയും ജനപ്രതിനിധികളെയും മാന്താറ്റ് കുന്ന് നിവാസികൾ സമീപിച്ചെങ്കിലും റോഡ് നടപ്പായില്ല.

റോഡ് നിർമിക്കാൻ സ്ഥലം വിട്ടു നൽകാൻ സ്ഥലം ഉടമകളിൽ ചിലർ പണം ആവശ്യപ്പെട്ടു. ഈ പണം കണ്ടെത്താൻ ഗ്രാമവാസികൾക്ക് കഴിഞ്ഞില്ല. ഇതോടെ 23 കുടുംബങ്ങളുടെ റോഡ് എന്ന സ്വപ്നം നടപ്പാകാത്ത സ്ഥിതിയിലായിരുന്നു. തുടർന്ന് ഒരുമയുടെ പ്രസിഡന്റ് കെ കെ ജോസ് പ്രകാശ് റോഡിനായി സ്ഥലം വാങ്ങാൻ 2 ലക്ഷം രൂപ നൽകി. 2 ലക്ഷം രൂപ റോഡിന്റെ ആവശ്യക്കാരായ കുടുംബങ്ങളും നൽകി.

12 അടി വീതിയിൽ ഒരു കിലോമീറ്റർ ദൂരത്തിലാണ് പുതിയ വഴി വെട്ടിയത്. പഞ്ചായത്തംഗം ബോബൻ മഞ്ഞളാമല റോഡ് നിർമാണം ഉദ്ഘാടനം ചെയ്തു. കെ കെ ജോസ് പ്രകാശ് അധ്യക്ഷത വഹിച്ചു. മൂന്ന് മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് റോഡ് നിർമാണം പൂർത്തിയാക്കി.

റോഡ് നിർമാണ കമ്മിറ്റി പ്രസിഡന്റ് എസ് രാഹുൽ, ഭാരവാഹികളായ രാജു തറപ്പിൽ, ഐസക് കട്ടക്കയം, രാജു വാലയിൽ, വിജയൻ വാള നില പുത്തൻപുരയിൽ, ഒരുമയുടെ ഭാരവാഹികളായ സനിൽ കുമാർ, ഷാജി അഖിൽ നിവാസ്, പി എം ബാബുരാജ്, ജയൻ കറുകപ്പള്ളി, കെ എ രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി. റോഡിന്റെ ഉദ്ഘാടനം ഉടൻ നടത്തുമെന്ന് കെ കെ ജോസ് പ്രകാശ്, പഞ്ചായത്തംഗം ബോബൻ മഞ്ഞളാമല എന്നിവർ അറിയിച്ചു.