Sat. Jan 18th, 2025
മറയൂർ:

കാർഷിക, വിനോദസഞ്ചാര മേഖലയ്‌ക്ക്‌ പ്രതീക്ഷയായി പട്ടിശേരി അണക്കെട്ട്‌ നിർമാണം അന്തിമഘട്ടത്തിലേക്ക്. പാമ്പാർ നദിയുടെ കൈവഴിയായ ചെങ്കല്ലാറിലാണ്‌ അണക്കെട്ട്‌ ഉയരുന്നത്‌. ഇതിനകം 45 ശതമാനം പണികൾ പൂർത്തിയാക്കിയെന്നും ബാക്കിയുള്ളത്‌ ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയുമെന്നും ജലവിഭവ വകുപ്പ്‌ അധികൃതർ അറിയിച്ചു.

24 മീറ്റർ ഉയരത്തിലും 136 മീറ്റർ നീളത്തിലുമാണ് പുതിയ അണക്കെട്ട്‌ നിർമിക്കുന്നത്. ഒരു മില്യൺ ക്യുബിക്ക് മീറ്റർ സംഭരണശേഷിയുമുണ്ട്‌. വിനോദ സഞ്ചാരികൾക്കായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജലസംഭരണിയിൽ ബോട്ടിങ്ങ് ഉൾപ്പെടെ ആരംഭിക്കുന്നതിനുള്ള ആലോചനയും ആരംഭിച്ചു.

1937ലാണ് അഞ്ചുനാട്ടിലെ കൃഷിയുടെ പുരോഗതിക്കായി തിരുവിതാംകൂർ രാജാവ് സമുദ്രനിരപ്പിൽനിന്ന്‌ 5003 അടി ഉയരത്തിൽ മന്നവൻചോല വനത്തിന് താഴ്ഭാഗത്ത് കാന്തല്ലൂർ ഗുഹനാഥപുരത്ത് പട്ടിശേരി അണക്കെട്ട്‌ നിർമാണം പൂർത്തിയാക്കിയത്.

2014 ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്‌ അണക്കെട്ട്‌ പൊളിച്ചത്‌. അന്നത്തെ ജലവിഭവമന്ത്രി പി ജെ ജോസഫ്‌ നിർമാണഉദ്‌ഘാടനം നടത്തി. ആറുമാസത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്നാണ് പ്രഖ്യാപിച്ചത്. 26 കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്‌.

എന്നാൽ, നിർമാണസാമഗ്രികൾക്ക്‌ വിലകൂടിയതും അനുവദിച്ച തുക തികയാതെയും വന്നതോടെ കരാറുകാരൻ ഉമ്മൻചാണ്ടി സർക്കാരിനെതിരെ നൽകിയ കേസും കോവിഡുമുണ്ടാക്കിയ പ്രതിസന്ധികളും അണക്കെട്ട്‌ നിർമാണത്തിന്റെ താളം തെറ്റിച്ചിരുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ ശക്തമായ ഇടപെടലാണ്‌ അണക്കെട്ടിന്റെ നിർമാണം പുനരാരംഭിക്കാൻ കരുത്തായത്‌.