Wed. Jan 22nd, 2025

മലപ്പുറം:

വനിതകൾക്കായി തൊഴിലവസരങ്ങളുടെ കട തുറന്ന് കുടുംബശ്രീ ഹോം ഷോപ് പദ്ധതി. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ കൊണ്ടോട്ടി, മഞ്ചേരി നഗരസഭകളിലും കൊണ്ടോട്ടി, അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലും ആണ് ഹോം ഷോപ് ആരംഭിക്കുന്നത്. പദ്ധതിയിലൂടെ ഒരു ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മാത്രം വിവിധതലങ്ങളിൽ സൃഷ്ടിക്കപ്പെടുക അഞ്ഞൂറിലധികം തൊഴിലവസരങ്ങൾ.

കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിൽ നിർമിക്കുന്ന വിഷരഹിതമായ, ഗുണമേന്മയുള്ള പ്രാദേശിക ഉല്പന്നങ്ങൾക്ക് തദ്ദേശീയമായി വിപണി കണ്ടെത്തുന്ന പദ്ധതിയാണ് ഹോം ഷോപ്.ഒന്നാംഘട്ടത്തിൽ ഓരോ സിഡിഎസിനു കീഴിലും ഓരോ സിഎൽസിമാരെയും വാർഡുതല ഫെസിലിറ്റേറ്റർമാരെയും നിയമിക്കും. അപേക്ഷകരിൽനിന്ന് പ്രത്യേക അഭിമുഖം നടത്തിയാണ് ഫെസിലിറ്റേറ്റർമാരെയും സിഎൽസിമാരെയും കണ്ടെത്തുക.

തിരഞ്ഞെടുക്കുന്നവർക്ക് ഒരാഴ്ച പരിശീലനം നൽകിയ ശേഷമായിരിക്കും നിയമനം. മുഴുവൻ വാർഡുകളിലും ഫെസിലിറ്റേറ്റർമാരെ (ഡബ്ല്യുഎൽഎഫ്) നിയമിക്കാനുള്ള അപേക്ഷകൾ ക്ഷണിച്ചു. പത്താംക്ലാസ് പാസായ, ടൂവീലർ ഓടിക്കാനറിയുന്ന കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോം അതതു സിഡിഎസ് ഓഫിസുകളിൽ ലഭ്യമാണ്.