കൊച്ചി:
തലങ്ങും വിലങ്ങും പാഞ്ഞും വാഹനങ്ങൾ സ്വന്തം ഇഷ്ടത്തിന് പാർക്ക് ചെയ്‌തും നിയമം ലംഘിക്കുന്നവർക്കുള്ള പണി ഇനി വീട്ടിലെത്തും. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നഗരത്തിലെ തിരക്കും ട്രാഫിക് നിയമലംഘനങ്ങളും വർദ്ധിച്ചതോടെയാണ് സിറ്റി പൊലീസ് കടുത്ത നടപടിയിലേക്ക് കടന്നത്.
തിരക്കില്ല, പൊലീസ് കാണില്ലല്ലോ എന്നു കരുതി നിരോധിച്ചയിടങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നതിനുമുമ്പ് ഒരുവട്ടംകൂടി ആലോചിക്കുന്നതും നല്ലതാണ്. പിന്നാലെ സ്‌റ്റിക്കറുമായി പൊലീസ് എത്തും.
അല്ലെങ്കിൽ എല്ലാം കണ്ടുകൊണ്ട് മുകളിൽ ഒരാളുണ്ട്; ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്‌റ്റം (ഐടിഎംസ്). നഗരത്തിലെ തിരക്കേറിയ ജങ്‌ഷനുകളിലും ഇടറോഡുകളിലും നടപ്പാതകളിലും രാത്രിയും പകലുമില്ലാതെ അതിലെ ക്യാമറ തത്സമയം എല്ലാം ഒപ്പിയെടുത്ത് എത്തേണ്ടിടത്ത് എത്തിക്കും.
പിന്നാലെ വാഹന രജിസ്‌ട്രേഷനിലെ ഉടമയുടെ വീട്ടിലേക്ക് കേസ് രജിസ്‌റ്റർ ചെയ്‌ത പോസ്‌റ്റ് കാർഡ് എത്തും. അനധികൃത പാർക്കിങ് നടത്തിയ വാഹനങ്ങളുടെ ചക്രങ്ങളിൽ പൂട്ടുവീഴും. അത് തുറക്കാൻ പൊലീസിനെ വിളിക്കേണ്ടിവരും. പിഴയുമൊടുക്കണം.
നടപ്പാത കൈയേറുന്നവർ കൈയേറ്റക്കാർ, യു ടേണിൽ വാഹനം നിർത്തിയിടുന്നവർ, ഫ്രീ ലെഫ്‌റ്റിൽ തടസ്സമുണ്ടാക്കുന്നവർ എന്നിവർക്കെതിരെയാണ് ആദ്യഘട്ടത്തിൽ നടപടി. യു ടേണുകളിൽ വലിയ വാഹനങ്ങൾവരെ നിർത്തിയിടുന്നതും സിഗ്‌നൽ പോയിന്റുകളിൽ ഇടതുവശത്തേക്ക് പോകേണ്ടവർക്ക് തടസ്സമുണ്ടാക്കി വാഹനം കുത്തിക്കയറ്റുന്നതും നഗരത്തിലെ കുരുക്ക് വർധിപ്പിച്ചു. ഇത്തരക്കാരെയും ഐടിഎംഎസ് പിടികൂടും.
പൊലീസ് നേരിട്ടും ഐടിഎംഎസിലെ ദൃശ്യങ്ങൾ കണ്ടും ഉടമകൾക്കെതിരെ കേസെടുക്കും. റോഡിൽ തോന്നുംപടി നിർത്തി യാത്രക്കാരെ കയറ്റുന്ന ബസുകൾക്കെതിരെയും നടപടിയുണ്ടാകും.
ശനി, ഞായർ ദിവസങ്ങളിൽ നഗരത്തിൽ നടത്തിയ പ്രത്യേക പരിശോനയിൽ 773 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 19 വാഹനങ്ങളുടെ ചക്രങ്ങൾക്ക് പൂട്ടിട്ടു. 898 കേസുകളിൽ ഇ-ചെല്ലാൻ വഴി പിഴയടപ്പിച്ചു. ഇൻഫോപാർക്ക്, തൃക്കാക്കര, കളമശേരി, ഹാർബർ സ്‌റ്റേഷനുകളിലായി പൊതുസ്ഥലത്ത് മാലിന്യം തള്ളിയ അഞ്ചു വാഹനങ്ങൾ പിടിച്ചെടുത്തു.