Mon. Dec 23rd, 2024
കാഞ്ചിയാർ:

സ്‌ക്രീനിലായാലും വേദിയിലായാലും മാസ് ഡയലോഗ് ഇല്ലാതെ സുരേഷ് ഗോപിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു ലബ്ബക്കടയിൽ നടന്ന സ്മൃതി കേരം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം. ‘‘നല്ല തണ്ടെല്ലുറപ്പുള്ള തെങ്ങ് നട്ടുവളർത്തണം, എന്റെ സിനിമയിലെ ഡയലോഗിൽ പറഞ്ഞാൽ നല്ല തന്തയ്ക്കു പിറന്ന തെങ്ങ് തലയുയർത്തി നിൽക്കണം’’– എന്നായിരുന്നു സുരേഷ് ഗോപി എംപിയുടെ വാക്കുകൾ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിന ആഘോഷങ്ങളോട് അനുബന്ധിച്ചു നടക്കുന്ന പരിപാടിയുടെ ഭാഗമായാണു നാളികേര വികസന ബോർഡ് അംഗവും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി ഒരു കോടി കേര വൃക്ഷത്തൈകൾ നടുന്ന പദ്ധതിക്കു നേതൃത്വം നൽകുന്നത്. ഓരോ തെങ്ങും ഓരോ മഹാന്റെ പേരിൽ അറിയപ്പെടണമെന്ന നിർദേശത്തോടെയാണു സുരേഷ് ഗോപി തൈകൾ വിതരണം ചെയ്തത്.

കാഞ്ചിയാർ പഞ്ചായത്തിലെ ആദ്യ പ്രസിഡന്റ് വട്ടപ്പള്ളി നാരായണൻ നായരുടെ പേരിലുള്ള തൈ ജെപിഎം കോളജ് അങ്കണത്തിൽ നട്ടു. ജോൺ പോൾ മാർപാപ്പയുടെ പേരിലുള്ള തെങ്ങിൻതൈ കോളജ് മാനേജർ ഏബ്രഹാം പാനിക്കുളങ്ങരയ്ക്കു നൽകി.

അതിനു ശേഷമാണു ലബ്ബക്കടയിൽ നടന്ന പരിപാടിയിൽ മാസ് ഡയലോഗുകളുമായി സുരേഷ് ഗോപി നിറഞ്ഞത്. പട്ടം താണുപ്പിള്ള, മന്ത്രി കെ ടി ജേക്കബ്, ബ്രദർ ഫോർത്തൂനാത്തൂസ് തുടങ്ങിയവരുടെ പേരുകളിലുള്ള തെങ്ങിൻ തൈകളും അദ്ദേഹം വിതരണം ചെയ്തു.