Wed. Jan 22nd, 2025

ആലപ്പുഴ :

തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.  സംഭവം വിശദമായി പരിശോധിച്ച് സംസ്ഥാന പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.

പൊലീസിൻ്റെ കൺമുന്നിൽ വച്ച് അക്രമം നടന്നിട്ടും കൃത്യമായി ഇടപെട്ടില്ലെന്ന് ഭർത്താവ്  പരാതി ഉന്നയിച്ചിരുന്നു. പരിക്ക് പറ്റി ആശുപത്രിയിൽ കിടക്കുന്ന ഭാര്യയോട് അങ്ങോട്ട് ചെന്ന് മൊഴിയെടുക്കാൻ പൊലീസ് ആവശ്യപ്പെടുന്നുവെന്നും ഭർത്താവ് നവാസ് ആരോപണം ഉന്നയിച്ചിരുന്നു.

തൃക്കുന്നപ്പുഴയിൽ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിലെത്തിയ രണ്ട് പേർ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. വണ്ടാനം മെഡിക്കൽ കോളേജിലെ ജീവനക്കാരിക്കാണ് ദുരനുഭവമുണ്ടായത്.