തൃശൂർ:
ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ കോവിഷീൽഡ് വാക്സിൻ നൽകാൻ സൗകര്യം ഒരുക്കി. കോളേജുകൾ തുറക്കുന്ന സാഹചര്യം കണക്കിലെടുത്തും 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ ആദ്യ ഡോസ് നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായുമാണ് ഇത്.
വാക്സിനെടുത്താൽ മാത്രമേ പ്രതിരോധം ഉറപ്പാക്കാനാവൂ.
അതിനാൽ ആദ്യ ഡോസ് എടുക്കാത്തവർ, പ്രത്യേകിച്ചും വിദ്യാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡിഎംഒ കെ ജെ റീന അറിയിച്ചു.
താമസിക്കുന്ന സ്ഥലത്തിന്റെ ഏറ്റവും അടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് വാക്സിൻ സ്വീകരിക്കാം. ‘ഓർക്കുക: എല്ലാവരും സുരക്ഷിതരാകാതെ ആരും സുരക്ഷിതരാകില്ല” എന്ന മുദ്രാവാക്യമുന്നയിച്ചാണ് സമ്പൂർണ വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നത്.
www.cowin.gov.in ൽ രജിസ്റ്റർ ചെയ്ത്, സൈറ്റിൽനിന്ന് ലഭിക്കുന്ന റഫറൻസ് നമ്പറും, രജിസ്റ്റർ ചെയ്യാനായി നൽകിയ തിരിച്ചറിയൽ രേഖയും ഫോൺ നമ്പറുമായി ആരോഗ്യകേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കണം.