Sun. Dec 22nd, 2024

കാക്കനാട്:

തൃക്കാക്കര നഗരസഭയിൽ അവിശ്വാസപ്രമേയത്തെ നേരിടാനുള്ള യുഡിഎഫ് തന്ത്രംപാളുന്നു. ചർച്ചയിൽനിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് കൗൺസിലർമാർക്ക് ഡിസിസി നൽകിയ വിപ്പ് അഞ്ചുപേർ കൈപ്പറ്റിയില്ല. വി ഡി സുരേഷ്, രാധാമണിപിള്ള, സ്മിത സണ്ണി, ജോസ് കളത്തിൽ എന്നീ എ വിഭാഗം കൗൺസിലർമാരും ഐ വിഭാഗത്തിൽനിന്ന് ഹസീന ഉമ്മറുമാണ് വിപ്പ് കൈപ്പറ്റാതിരുന്നത്.

എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ 23ന് പകൽ 10.30നാണ് ചർച്ച നടക്കുക. ഭരണപക്ഷത്തുനിന്ന്‌ ശക്തമായ എതിർപ്പുയർന്ന സാഹചര്യത്തിലാണ്‌ അവിശ്വാസപ്രമേയ ചർച്ചയ്‌ക്കുപോലും നിൽക്കേണ്ടെന്ന്‌ കോൺഗ്രസും യുഡിഎഫും തീരുമാനിച്ചത്‌. ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക്‌ അജിത തങ്കപ്പൻ 10,000 രൂപവീതം നൽകിയ സംഭവത്തിൽ വിജിലൻസ്‌ റിപ്പോർട്ട്‌ തയ്യറാക്കിയിരുന്നു.

അജിത തങ്കപ്പനെതിരെ ശക്തമായ തെളിവുകളുള്ള റിപ്പോർട്ട്‌  ഡയറക്‌ടറുടെ പരിഗണനയിലാണ്‌.  തുടർനടപടിക്ക്‌ സാധ്യത നിലനിൽക്കെയാണ്‌  പ്രതിപക്ഷം അവിശ്വാസത്തിന്‌ നോട്ടീസ്‌ നൽകിയത്‌. നാൽപ്പത്തിമൂന്ന്‌ അംഗ കൗൺസിലിലെ അഞ്ച്‌ സ്വതന്ത്രാംഗങ്ങളിൽ നാലുപേരുടെ പിന്തുണയിലാണ്‌ യുഡിഎഫ്‌ ഭരണം.

യുഡിഎഫിന്‌ 21 അംഗങ്ങളാണുള്ളത്‌. പിന്തുണയ്‌ക്കുന്ന സ്വതന്ത്രാംഗങ്ങളുടെയും കോൺഗ്രസിലെ ചിലരുടെയും ചാഞ്ചാട്ടമാണ്‌ അവിശ്വാസപ്രമേയ ചർച്ച ബഹിഷ്‌കരിക്കാൻ യുഡിഎഫിനെ പ്രേരിപ്പിച്ചത്‌. പണക്കിഴി വിവാദമുയർന്നപ്പോൾ നാല്‌ ഐ ഗ്രൂപ്പ്‌ കൗൺസിലർമാർ അജിത തങ്കപ്പനെതിരെ പരസ്യ നിലപാടെടുത്തിരുന്നു.

ഭരണസമിതിയുടെ മറ്റ്‌ അഴിമതിയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയ ഇവർ അജിത തങ്കപ്പൻ അധ്യക്ഷ സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ടു. പിന്നീട്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ നിർദേശപ്രകാരം നിയോഗിച്ച രണ്ടംഗ അന്വേഷണ കമീഷനിലും ഇവർ ആവശ്യം ആവർത്തിച്ചു. പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ്‌ നൽകിയതിനുപിന്നാലെ കൗൺസിലർമാരെ ഒന്നിച്ചുനിർത്താൻ ജില്ലാ കോൺഗ്രസ്‌ നേതൃത്വം വിവിധ കമ്മിറ്റികൾ വിളിച്ചുചേർത്തിരുന്നു.

അതുകൊണ്ടും സമവായമുണ്ടാക്കാൻ കഴിയാതെവന്നപ്പോഴാണ്‌ പ്രമേയ ചർച്ച ബഹിഷ്‌കരിക്കാൻ നിർദേശിച്ച്‌ വിപ്പു നൽകിയത്‌. മുസ്ലിംലീഗും  വിപ്പു നൽകി. അഞ്ച്‌ അംഗങ്ങളുള്ള ലീഗിലെ രണ്ടുപേർ അജിത തങ്കപ്പനെതിരെ നിലപാടെടുത്തതാണ്‌ കാരണം.

ഏറെ വിവാദമായ പണക്കിഴി വിവാദത്തിൽ ചർച്ചയ്‌ക്കുപോലും തയ്യാറാകാതെ ഒളിച്ചോടുന്നത്‌ യുഡിഎഫിന്‌ വലിയ ക്ഷീണമാകുമെന്ന വിലയിരുത്തലാണ്‌ സാധാരണ പ്രവർത്തകർക്കുള്ളത്‌. പ്രതിപക്ഷമുയർത്തിയ ആക്ഷേപങ്ങൾക്ക്‌ ജില്ലാ കോൺഗ്രസ്‌ നേതൃത്വമോ യുഡിഎഫോ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഡിസിസി നിയോഗിച്ച അന്വേഷണ സമിതി അജിത തങ്കപ്പനെ വെള്ളപൂശി റിപ്പോർട്ട്‌ നൽകിയെങ്കിലും വിജിലൻസ്‌ റിപ്പോർട്ടിൽ അവർക്കെതിരെ തെളിവു നിരത്തിയത്‌ തിരിച്ചടിയാണ്‌.

കൗൺസിൽ ബഹിഷ്‌കരിച്ച്‌ അവിശ്വാസത്തെ മറികടക്കാനായാലും വിജിലൻസ്‌ അന്വേഷണമെന്ന വാൾ യുഡിഎഫിന്‌ ഭീഷണിയാണ്‌. വിജിലൻസ്‌ കേസെടുത്ത്‌ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണമാരംഭിച്ചാൽ തൃക്കാക്കരയിലെ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും അവസ്ഥ കൂടുതൽ മോശമാകും.